തലശ്ശേരി ജനറൽ ആശുപത്രിയിലെ പീഡനശ്രമം; പ്രതി റിമാൻഡിൽ

തലശ്ശേരി : ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 വയസുള്ള ബാലനെ ആശുപത്രി വാർഡിലെ ശുചിമുറിക്കകത്തു പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ജനറൽ ആശുപത്രി ഗ്രേഡ് ടു അറ്റൻഡർ പിണറായി കാപ്പുമ്മൽ റസീന മൻസിലിൽ സി.റമീസിനെ(38) ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ജനറൽ ആശുപത്രി അധികൃതരിൽ നിന്നു ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് തേടി.
വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെ സർജിക്കൽ വാർഡിൽ കഴിഞ്ഞിരുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു വയറു പരിശോധിക്കണമെന്നു പറഞ്ഞ് ആശുപത്രി ജീവനക്കാരൻ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി കരഞ്ഞുകൊണ്ടു അമ്മയോടു വിവരം പറഞ്ഞതിനെ തുടർന്നു വാർഡിലുള്ളവർ ജീവനക്കാരനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവം ഇന്നലെ സ്പീക്കർ എ.എൻ.ഷംസീറിന്റെ സാന്നിധ്യത്തിൽ നടന്ന ആശുപത്രി വികസന സമിതി യോഗത്തിലും ചർച്ചയായി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വച്ചു പൊറുപ്പിക്കില്ലെന്നു സ്പീക്കർ പറഞ്ഞു. പൊലീസിൽ നിന്നു റിപ്പോർട്ട് കിട്ടിയാലുടൻ പിടിയിലായ ജീവനക്കാരനെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് യോഗത്തെ അറിയിച്ചു.
ആശുപത്രിയിലെ പീഡനശ്രമം; റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി
തലശ്ശേരി : ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 വയസുള്ള കുട്ടിയെ ആശുപത്രിക്കകത്തു പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ പൊലീസ് റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് വി.കെ.രാജീവൻ ആശുപത്രി വികസന സമിതി യോഗത്തെ അറിയിച്ചു. നഗരസഭാ അധ്യക്ഷ കെ.എം.ജമുനാറാണി അധ്യക്ഷത വഹിച്ചു.
പുതിയ എക്സ്റേ മെഷീൻ വാങ്ങാനും യോഗം തീരുമാനിച്ചു. ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനു കണ്ടിക്കലിൽ രണ്ടര ഏക്കർ സ്ഥലം നൽകാമെന്ന നഗരസഭയുടെ തീരുമാനം സർക്കാരിനെ അറിയിച്ചതായും സൂപ്രണ്ട് പറഞ്ഞു. കൂടുതൽ വീൽചെയർ വാങ്ങാനും തീരുമാനിച്ചു.സ്പീക്കർ എ.എൻ. ഷംസീർ പങ്കെടുത്തു.