ലോങ്ങ് റൂട്ടില്‍ പ്രൈവറ്റ് ബസിനോട് മുട്ടാന്‍ കെ.എസ്.ആര്.ടി.സി; എത്തുന്നത് ലക്ഷ്വറി ബസ് ഉള്‍പ്പെടെ 151 ബസുകള്‍

അന്തഃസംസ്ഥാന പാതകളില്‍ സ്വകാര്യ ബസുകളുടെ മത്സരം നേരിടാന്‍ കെ.എസ്.ആര്.ടി.സി. 151 ബസുകള്‍ വാങ്ങുന്നു. പദ്ധതിവിഹിതമായി സര്‍ക്കാര്‍ നല്കിയ 75 കോടി രൂപയാണ് ഉപയോഗിക്കുക. പുതിയ ബസുകള്‍ സ്വിഫ്റ്റിന് നല്‍കാനാണ് സാധ്യത. സൂപ്പര്‍ ഫാസ്റ്റായി ഓടിക്കാന്‍ അശോക് ലെയ്ലന്‍ഡില്‍നിന്ന് കഴിഞ്ഞ ദിവസം 131 ബസുകള്‍ക്ക് കരാര്‍ നല്കി.
നേരത്തേ ഏര്‍പ്പെട്ട കരാറിന്റെ തുടര്‍ച്ചയാണിത്. വീണ്ടും ടെന്‍ഡര്‍ നടപടികളുടെ ആവശ്യമില്ല. ബോഡി നിര്‍മിച്ചു കിട്ടുന്നതിനുള്ള കാലതാമസം മാത്രമാണുള്ളത്. മുന്കരാര്പ്രകാരം ബെംഗളൂരൂ ആസ്ഥാനമായ പ്രകാശിലാണ് കോച്ച് നിര്‍മിച്ചത്. ഇതേ രീതി തുടരും. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. വൈകിയിരുന്നെങ്കില്‍ ലെയ്ലന്ഡുമായുള്ള മുന്‍കരാര്‍ തുടരാന്‍ കഴിയില്ലായിരുന്നു. വീണ്ടും ടെന്‍ഡര്‍ വിളിച്ച് ഇപ്പോഴത്തെ വിലയ്ക്ക് വാങ്ങേണ്ടി വരുമായിരുന്നു.
നഗരങ്ങളെ ബന്ധിപ്പിച്ച് രാത്രിയാത്രകള്‍ക്ക് 20 ആഡംബര ബസുകള്‍കൂടി വാങ്ങുന്നുണ്ട്. സ്ലീപ്പര്‍, സെമിസ്ലീപ്പര്‍ സീറ്റര്‍ വിഭാഗത്തില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിന് സാങ്കേതികസമിതി രൂപവത്കരിച്ചു. സമിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. ഭാരത് ബെന്‍സ്, വോള്‍വോ, അശോക് ലെയ്ലന്ഡ് എന്നീ കമ്പനികളാണ് പരിഗണനയിലുള്ളത്. ഏപ്രിലില്‍ വാങ്ങിയ 133 സൂപ്പര്‍ഫാസ്റ്റുകളാണ് സ്വിഫ്റ്റിന്റെ പ്രധാന വരുമാനമാര്‍ഗം. 25,000-45,000 രൂപയ്ക്കിടയ്ക്ക് പ്രതിദിന വരുമാനം ഇവയ്ക്കുണ്ട്.
ദേശസാത്കൃത റൂട്ടുകളില്‍ ഓള് ഇന്ത്യ പെര്‍മിറ്റിലുള്ള ബസുകളുടെ ഓട്ടത്തിനെതിരേ കെ.എസ്.ആര്.ടി.സി. രംഗത്തെത്തിയിരുന്നു. അനധികൃതമായി സര്‍വീസ് നടത്തുന്ന ഇത്തരം സ്വകാര്യ ബസുകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.എസ്.ആര്.ടി.സി. വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര പെര്‍മിറ്റ് നേടിയ ബസുകള്‍ക്ക് ഏതു റൂട്ടിലും ഓടാമെന്ന നിലപാടാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചതെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.
2004-ലെ സുപ്രീം കോടതി വിധിയില്‍ കോണ്ട്രാക്റ്റ് – റൂട്ട് ബസുകളെക്കുറിച്ച് കൃത്യമായ നിര്‍വചനമുണ്ടെന്ന് കെ.എസ്.ആര്.ടി.സി. ചൂണ്ടിക്കാട്ടുന്നു. കോണ്ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ഒറ്റ നികുതിയില്‍ അന്തഃസംസ്ഥാന യാത്ര നടത്താനുള്ള അനുമതിയാണ് ഓള് ഇന്ത്യാപെര്‍മിറ്റിലൂടെ ലഭിക്കുന്നത്. നികുതിയടയ്ക്കുന്നതിന് ചെക്പോസ്റ്റുകളില്‍ കാത്തുകിടക്കുന്നത് ഒഴിവാക്കാനാണ് ഇത്. സ്ഥിരമായ യാത്രാസമയം, റൂട്ട് എന്നിവ പരസ്യപ്പെടുത്തി ഓടാനും യാത്രക്കാര്‍ക്ക് പ്രത്യേകം ടിക്കറ്റ് നല്‍കാനും റൂട്ട് ബസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.