ഞാലിപ്പൂവന് ‘സെഞ്ച്വറി’; തക്കാളി താഴോട്ട്

കണ്ണൂർ : മലയാളികളുടെ തീൻമേശയിൽ ഒഴിച്ചുകൂടാനാവാത്തതാണ് പഴങ്ങൾ. അതും വാഴപ്പഴങ്ങളുമായുള്ള ബന്ധം രാവിലെ ചായകുടി മുതൽ രാത്രി അത്താഴത്തിനും തുടരും. എന്നാലിപ്പോൾ ഒരുകിലോ ഞാലിപ്പൂവൻ വിലകേട്ട് ഞെട്ടാത്തവരില്ല. കിലോയ്ക്ക് 100 രൂപ. ഒരുമാസത്തിനുള്ളിൽ 35 രൂപയിലധികം വർധന.
ആഗസ്ത് പകുതിവരെ ഞാലിപ്പൂവന് മൊത്തവില 35 രൂപവരെയും ചില്ലറ വില 50 രൂപ വരെയുമായിരുന്നു. ഇപ്പോഴിത് യഥാക്രമം 80–85 രൂപയും, 100രൂപയുമായി. കയറ്റുമതി വർധിച്ചതും കാലാവസ്ഥാ വ്യതിയാനത്താലുള്ള കൃഷിനാശവുമാണ് വർധനവിന് കാരണമായി പറയുന്നത്.
മിക്ക കടകളിലും കിലോയ്ക്ക് 100 രൂപ വരെയാണ് ഞാലിപ്പൂവൻ വില. കേരളത്തിൽ ഞാലിപ്പൂവൻ ഉത്പാദനം കുറവായതിനാൽ എത്തുന്നതിൽ കൂടുതലും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന്. മൈസൂർ പൂവനും ചില്ലറ വില 50 രൂപയായി. റോബസ്റ്റക്ക് 45. 80 രൂപയുണ്ടായിരുന്ന നേന്ത്രന് ചില്ലറവില ഓണത്തിനുശേഷം 60 രൂപയായി.