മരം മിനുക്കുന്നുണ്ട് ‘വാദ്യപ്രമാണി ’; നാടിന്റെ ശബ്ദം മുഴക്കാൻ

ചെറുവത്തൂർ : കല്ലിലും സംഗീതമുണ്ടെന്ന് പറഞ്ഞത് പെരുന്തച്ചനായിരുന്നു. എന്നാൽ മരത്തിലും സംഗീതമുണ്ടെന്ന് തെളിയിക്കുകയാണ് മനോജ്. ഏതുവാദ്യമാവട്ടെ അവ എവിടെ മുഴങ്ങിയാലും അതിനൊരു ചെറുവത്തൂർ ടച്ചുണ്ടാകും. കാരണം മിക്ക വാദ്യ ഉപകരണങ്ങളുടെയും അടിസ്ഥാനം ചികഞ്ഞുനോക്കിയാൽ തിമിരിയിലെ യു. മനോജിന്റെ പതിച്ചുവയ്ക്കാത്ത കൈയൊപ്പ് കാണും.
എണ്ണിത്തിട്ടപ്പെടുത്താനാകാത്ത വാദ്യോപകരണങ്ങൾ നിർമിച്ച് നൽകിയിട്ടുണ്ട്. ചെറുവത്തൂർ ടൗണിൽനിന്നും അൽപംമാറി തണൽമരത്തിന് കീഴിലുള്ള കടമുറിയിലെ മനോജിനെ അധികമാരും ശ്രദ്ധിച്ചുകാണില്ല. കടയുടെ മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന തടിക്കഷണങ്ങൾ കണ്ടാലും ഒന്നും തോന്നില്ല. എന്നാൽ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ കാണാം മരക്കഷണം മനോജിന്റെ കരവിരുതിലൂടെ വാദ്യോപകരണമാകുന്നത്.
ചെണ്ട, തിമില, ഇടയ്‌ക്ക, തുടി, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങൾ നിർമിക്കുന്നത് മരവും തുകലും ഉപയോഗിച്ച്. ആദ്യപടി മരം മിനുക്കിയെടുക്കുക എന്നത്. അളവിനനുസരിച്ച് മുറിച്ചെടുത്ത് ഭംഗിയായി കുറ്റിയാക്കി മാറ്റും. നടുഭാഗം പൊള്ളയാക്കി വട്ടത്തിൽ മിനുക്കിയെടുക്കും. പിന്നീട് തുകലും മറ്റും ഉപയോഗിച്ച് സംഗീതോപകരണമാക്കി മാറ്റും.
മരക്കഷണം വാദ്യോപകരണത്തിനായി മിനുക്കിയെടുക്കുക എന്നതാണ് മനോജ് ചെയ്യുന്നത്. വാദ്യം ആവശ്യമുള്ളവർക്കായി അതും നിർമിച്ചുനൽകും. രണ്ട് പതിറ്റാണ്ടായി നിർമാണം തുടങ്ങിയിട്ട്. മറ്റാരുടെയും സഹായമില്ലാതെ പഠിച്ചെടുത്തതാണ് ഈ വിദ്യ. നിരവധി ആവശ്യക്കാർ ഇവിടെ എത്തുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. ചെറുവത്തൂർ കഴിഞ്ഞാൽ തൃശൂരിലും പാലക്കാട്ടും മാത്രമാണ് ഇത്തരം നിർമാണം വ്യാവസായികാടിസ്ഥാനത്തിലുള്ളത്.