മെത്ത ദേഹത്തേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം, ദുരൂഹതയുണ്ടെന്ന് സമീപവാസികൾ

കോഴിക്കോട്: ചുമരില്‍ ചാരിവച്ച മെത്ത ദേഹത്തേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് മുക്കത്താണ് അപകടമുണ്ടായത്. മണാശേരി പന്നൂളി സന്ദീപ്- ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിനാണ് മരിച്ചത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്‍റെ ദേഹത്തേക്ക് മെത്ത വീഴുകയായിരുന്നു. കുളിച്ചിട്ട് മുറിയിലേക്ക് തിരികെ വന്നപ്പോഴാണ് മെത്തയുടെ അടിയിൽ കിടക്കുന്ന ജെഫിനെ ജിൻസി കണ്ടത്. ഉടൻ തന്നെ കുട്ടിയെ കെ.എം.ടി.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സമീപവാസികൾ രംഗത്തെത്തിയിരുന്നു.