മൊബൈല്‍ഫോണ്‍ വഴിയുള്ള പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സില്‍ (യുപിഐ) പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചു. ബുധനാഴ്ച ഗ്ലാബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ യു.പി.ഐ സൗകര്യങ്ങള്‍ അവതരിപ്പിച്ചത്.
യു.പി.ഐ, യു.പി.ഐ ലൈറ്റ് എക്‌സ്, ടാപ്പ് ടു പേ, കോണ്‍വര്‍സേഷണല്‍ പേമെന്റ്‌സ് എന്നിവയിലൂടെ ഇനി ഉപഭോക്താക്കള്‍ക്ക് നിശ്ചിത തുക ബാങ്കുകളില്‍ നിന്ന് കടമെടുക്കാനാവും. അത്യാവശ്യ പണമിടപാടുകള്‍ക്കായി ഇത് ഉപയോഗപ്പെടുത്താനാവും. ഇത് എല്ലാ യു.പി.ഐ ആപ്പുകളിലൂടെയും ലഭ്യമാവും.
നിലവില്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഇന്‍സ്റ്റന്റ് ക്രെഡിറ്റ് നല്‍കുന്ന രീതിയുണ്ട് പലിശയില്ലാതെ തൊട്ടടുത്ത മാസം ആ തുക തിരികെ നല്‍കിയാല്‍ മതിയാവും. ഈ കാലയളവില്‍ പണം തിരികെ നല്‍കിയില്ലെങ്കില്‍ പലിശ ഈടാക്കിത്തുടങ്ങും. ഇതിന് സമാനമായ സൗകര്യമാണ് യു.പി.ഐ വഴിയുള്ള ക്രെഡിറ്റ് സേവനം എന്നാണ് സൂചന. ഇതിന് വേണ്ടി ബാങ്കുകള്‍ക്ക് പുതിയ ക്രെഡിറ്റ് സേവനം ആരംഭിക്കാനാവും.
കണക്റ്റിവിറ്റി കുറവുള്ള ഇടങ്ങളില്‍ ഇനി യുപിഐ ലൈറ്റ് എക്‌സ് വഴി എളുപ്പം ഇടപാട് നടത്താം. ഇതിന് പക്ഷെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ അഥവാ എന്‍എഫ്‌സി സംവിധാനമുള്ള ഫോണ്‍ ആയിരിക്കണം എന്നുമാത്രം. യു.പി.ഐ ലൈറ്റ് മുമ്പ് അവതരിപ്പിച്ച ഫീച്ചറാണ്.
ഇതുവഴി 2000 രൂപ വരെ യു.പി.ഐ വാലറ്റില്‍ ഇട്ടുവെക്കാനും കണക്ടിവിറ്റി കുറവുള്ള ഇടങ്ങളില്‍ പോലും വളരെ എളുപ്പത്തില്‍ പണം നല്‍കാനാവും. ഇതിന് സമാനാണ് യു.പി.ഐ ലൈറ്റ് എക്‌സ് സേവനവും. ഇതുവഴി 5000 രൂപയുടെ എന്‍.എഫ്.സി പണമിടപാടുകള്‍ നടത്താനാവും. ഇത്തരം ഫോണുകള്‍ എന്‍.എഫ്.സി സൗകര്യമുള്ള പി.ഒ.എസ് യന്ത്രങ്ങളുടെ സമീപത്ത് വെച്ചാല്‍ പണമിടപാട് നടത്താം. വിമാനങ്ങളിലും മറ്റും ഈ സൗകര്യം ആളുകള്‍ക്ക് പ്രയോജനപ്പെടുത്താനാവും.
ഹെലോ യു.പി.ഐ എന്ന പേരില്‍ എന്‍പി.സി.ഐ അവതരിപ്പിച്ച സേവനത്തിലൂടെ ശബ്ദ നിര്‍ദേശങ്ങള്‍ വഴി യു.പി.ഐ പണമിടപാടുകള്‍ നടത്താനാവും. മൊബൈല്‍ ആപ്പുകള്‍, ഐ.ഒ.ടി ഉപകരണങ്ങള്‍ എന്നിവയില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഹെലോ യു.പി.ഐ സേവനം ഉള്ളത്. മറ്റ് ഭാഷകളില്‍ താമസിയാതെ സേവനം ലഭിക്കുമെന്ന് എന്‍.പി.സി.ഐ പറഞ്ഞു.
ബില്‍ പേ കണക്റ്റ് എന്ന പുതിയ യു.പി.ഐ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ബില്ലുകള്‍ ഒരു ഫോണ്‍ കോള്‍ വഴി അടയ്ക്കാനാവും. ഇതിന് വേണ്ടി ദേശീയ തലത്തില്‍ ലഭ്യമാവുന്ന ബില്‍ പേമെന്റ് നമ്പര്‍ ഉണ്ടാവും. ഈ നമ്പറില്‍ വിളിച്ച് യു.പി.ഐ അധിഷ്ടിത ശബ്ദ നിര്‍ദേശങ്ങളിലൂടെ ബില്‍ അടയ്ക്കാനാവും.