നാഷണൽ ഫോക് ഫെസ്റ്റ് ഒമ്പതിനും 11നും പയ്യന്നൂരിൽ

പയ്യന്നൂർ : കേരള ഫോക്‌ലോർ അക്കാദമി, സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂർ, ദൃശ്യ പയ്യന്നൂർ എന്നിവ നടത്തുന്ന നാഷണൽ ഫോക് ഫെസ്റ്റ് ഒമ്പതിനും 11നും പയ്യന്നൂരിൽ നടക്കും. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന ഫെസ്റ്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും കേരളത്തിലെ കലാകാരന്മാരും പരിപാടികൾ അവതരിപ്പിക്കും. ഒമ്പതിന് വൈകിട്ട് ആറിന് ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഹരിയാനയിൽനിന്നുള്ള ഗൂമർ ഡാൻസ്, ഫാഗ് ഡാൻസ്, ജമ്മു കശ്മീരിൽനിന്നും ഡോഗ്രി ഡാൻസ്, പഹാഡി ഡാൻസ്, അസമിൽനിന്നുള്ള ബിഹു ഡാൻസ്, കുഷാൻ ഡാൻസ്, ബംഗാളിൽനിന്നുള്ള പുരുളിയ ഡാൻസ്, ചാവു ഡാൻസ്, ഹിമാചൽ പ്രദേശിലെ സിർ മൗറി ഡാൻസ്, പാദുവ ഡാൻസ്, ഒറീസയിലെ ചടയ ആൻഡ് റണപ്പ് ഡാൻസ് എന്നീ കലാരൂപങ്ങളാണ് ഫോക് ഫെസ്റ്റിൽ എത്തുന്നത്.
കേരളത്തിൽ നിന്നുള്ള പടിയ നൃത്തം, മുടിയേറ്റ്, കണ്യാർകളി, തോൽപ്പാവ കുത്ത്, കേത്രാട്ടം, പൂതനും തിറയും തുടങ്ങി വൈവിധ്യങ്ങളായ തനത് നാടൻ കലാരൂപങ്ങളും അവതരിപ്പിക്കും.
വാർത്താസമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ, അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, കെ. ശിവകുമാർ, അഡ്വ. കെ.വി. ഗണേശൻ, കെ. കമലാക്ഷൻ, പി.വി. ലക്ഷ്മണൻ നായർ, വി.പി. വിനോദ് എന്നിവർ പങ്കെടുത്തു.