പീച്ചി ഡാമില്‍ വഞ്ചി മറിഞ്ഞുണ്ടായ അപകടം; മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
തൃശൂര്‍: പീച്ചി ഡാമില്‍ ബോട്ട് മറിഞ്ഞ് കാണാതായ മൂന്നു യുവാക്കളുടെയും മൃതദേഹം കണ്ടെടുത്തു. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായ അജിത്, ബിബിന്‍, സിറാജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
എന്‍.ഡി.ആര്.എഫും ഫയര്‍ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം നാലിന് പീച്ചി റിസര്‍വോയറിലെ ആനവാരിയിലാണ് വഞ്ചി മറിഞ്ഞത്. നാല് പേരാണ് വഞ്ചിയില്‍ ഉണ്ടായിരുന്നത്. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ള യുവാക്കളാണ് അപകടത്തില്‍പെട്ടത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാള്‍ നീന്തി രക്ഷപെടുകയായിരുന്നു.
അപകടം നടന്നയിടത്തു നിന്നും ഒരു കിലോ മീറ്ററോളം അകലെയാണ് ജനവാസമുണ്ടായിരുന്നത്. ശിവപ്രസാദ് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും നേരം ഇരുട്ടിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി.
രാവിലെ എട്ടോടെ എന്‍.ഡി.ആര്.എഫ് സംഘവും സ്ഥലത്തെി. 11ന് അജിത്തിന്റെ മൃതദേഹം ഫയര്‍ഫോഴ്സ് കണ്ടെത്തി. പിന്നാലെ ബിബിന്റെ മൃതദേഹവും കണ്ടെത്തി. ഉച്ചയോടെയാണ് എന്‍ഡിആര്‍എഫ് സിറാജിന്റെ മൃതദേഹം കണ്ടെത്തിയത്.
