തീയിൽ കുരുക്കുന്നു, കേരള പെൺപട

Share our post

തൃശൂർ: ദുരന്തമുഖങ്ങളിൽ ജീവനുവേണ്ടി പിടയുന്നവർക്ക്‌ കൈകൊടുക്കാൻ ഇതാ കേരളത്തിന്റെ പെൺപട. വനിതകൾക്ക്‌ മാത്രമായുള്ള ആദ്യ ബാച്ചിലൂടെ കേരള അഗ്നിരക്ഷാ സേന രചിക്കുന്നത്‌ പുതുചരിതം. രാജ്യത്തെ ഫയർ സർവീസ് ചരിത്രത്തിൽ ഒരേ സമയം ഏറ്റവും കൂടുതൽ വനിതകൾ ഒന്നിച്ച്‌ സേനാംഗങ്ങളാവുന്നതും കേരളത്തിൽ നിന്ന്‌.

വനിതകൾക്കായി അഗ്നിരക്ഷാ സേനയിൽ 100 പുതിയ തസ്തികകളാണ്‌ സർക്കാർ സൃഷ്ടിച്ചത്‌. ആദ്യ വനിതാ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ ട്രെയിനികളുടെ പരിശീലനം തൃശൂർ ഫയർ അക്കാദമിയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്‌ ഡയറക്ടർ ജനറൽ കെ. പത്മകുമാർ ഉദ്‌ഘാടനം ചെയ്‌തു. തെരഞ്ഞെടുത്ത 86 പേരിൽ 28 ബിരുദാനന്തര ബിരുദധാരികളും 48 ബിരുദധാരികളും മൂന്ന്‌ ബിടെക് ബിരുദധാരികളും ബി.എഡ് യോഗ്യതയുള്ള മൂന്നു പേരുമുണ്ട്‌.

1962ൽ രൂപീകൃതമായ അഗ്നിരക്ഷാസേനയിൽ ആറുപതിറ്റാണ്ടിനു ശേഷമാണ്‌ വനിതകൾ എത്തുന്നത്‌. ഒരു വർഷത്തെ സമഗ്ര പരിശീലനമാണ് നൽകുക. ഫയർ പ്രൊട്ടക്ഷൻ, ഇൻഡസ്ട്രിയൽ ഫയർ സേഫ്റ്റി, മൗണ്ട് റെ, വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം, ഫ്ലഡ് റെസ്ക്യു സെൽഫ്, രാസ അപകടങ്ങൾ കൈകാര്യം ചെയ്യൽ, ശ്വസന സഹായി ഉപയോഗിച്ച്‌ പുക നിറഞ്ഞതും ഇരുട്ടുള്ളതുമായ മുറികളിലെ രക്ഷാപ്രവർത്തനം, ബഹുനില കെട്ടിടങ്ങൾ കയറി രക്ഷാ പ്രവർത്തനം, അടിയന്തര ജീവൻ രക്ഷ തുടങ്ങി പാഠഭാഗങ്ങളും പ്രായോഗിക പരിശീലനങ്ങളും ഉൾപ്പെടും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 15 വീതവും മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ അഞ്ചുവീതവുമാകും നിയമനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!