വിദ്യാര്‍ഥിനികളെ റിസോര്‍ട്ടിലെത്തിച്ച് പീഡനം; പോക്‌സോ കേസ് പ്രതി മറ്റൊരു പെൺകുട്ടിക്കൊപ്പം പിടിയിൽ

Share our post

കൽപറ്റ: പോക്സോ കേസിൽ പ്രതിയായ യുവാവിനെ പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിനിക്കൊപ്പം റിസോർട്ടിൽ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് പുത്തൂർമഠം മേലെ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദ് (24) നെയാണ് തിങ്കളാഴ്ച കൽപറ്റ പോലീസ് അറസ്റ്റുചെയ്തത്. കോഴിക്കോട്ട്‌ സ്വകാര്യ ബസ്‌ ഡ്രൈവറാണ്‌ ഇയാൾ. പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിനികളെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചതിനാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മലപ്പുറം വാഴക്കാട് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പോക്സോ കേസിലാണ് കല്പറ്റ പോലീസ് മുർഷിദ് മുഹമ്മദിനെ അന്വേഷിച്ചത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി കൽപറ്റയിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് പിന്തുടർന്ന് എത്തിയപ്പോഴാണ് കല്പറ്റയിലെ റിസോർട്ടിൽനിന്ന് മറ്റൊരു സ്കൂൾവിദ്യാർഥിനിക്കൊപ്പം ഇയാളെ കണ്ടെത്തിയത്.

ബസ് ഡ്രൈവറായ മുർഷിദ് മുഹമ്മദ് സ്കൂൾവിദ്യാർഥിനികളെ പ്രണയംനടിച്ച് വയനാട്ടിലെ റിസോർട്ടുകളിലെത്തിച്ച് പീഡിപ്പിക്കുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട്ടുനിന്ന് വിദ്യാർ‌ഥിനികളെ സ്വന്തം കാറിലാണ് ഇയാൾ വയനാട്ടിൽ എത്തിച്ചിരുന്നത്. സ്കൂളിലേക്കും ട്യൂഷനും മറ്റും പോവുന്നസമയത്ത് കുട്ടികളെ കാറിൽ കയറ്റികൊണ്ടുവന്നശേഷം വൈകീട്ട് സ്കൂൾവിടുന്ന സമയമാകുമ്പോഴേക്ക് കോഴിക്കോട്ടേക്ക് തിരികെെയത്തിക്കുകയാണ് ചെയ്തിരുന്നത്. പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥിനികളെയാണ് ഇയാൾ പ്രണയംനടിച്ച് വലയിലാക്കിയതെന്നും പോലീസ് പറഞ്ഞു. പന്തീരാങ്കാവ് സ്റ്റേഷനിലും ഇയാളുടെ പേരിൽ കേസുണ്ട്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, റിസോർട്ടിൽ വരുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്നും പ്രായപൂർത്തിയാവത്തവരാണ് ഒപ്പമുള്ളതെങ്കിൽ പോലീസിൽ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ട് റിസോർട്ടുകൾക്ക് നോട്ടീസ് നൽകുമെന്ന് പോലീസ് അറിയിച്ചു.

കല്പറ്റ ഇൻസ്പെക്ടർ അഗസ്റ്റിൻ, എസ്.ഐ.മാരായ അബ്ദുൾകലാം, ടി. അനീഷ്, സിവിൽ പോലീസ് ഓഫീസർ നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് മുർഷിദ് മുഹമ്മദിനെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!