മണ്ണിനുടമകളായി ആറളം കൊട്ടാരം പ്രദേശത്തുകാർ

ഇരിട്ടി: മന്ത്രിയിൽ നിന്ന് പട്ടയമേറ്റു വാങ്ങിയപ്പോൾ ആറളം കൊട്ടാരം പ്രദേശത്തെ എൺപതിനടുത്ത കുറ്റിക്കൽ ദേവുവേടത്തിയുടെ മുഖത്ത് ആഹ്ലാദത്തിന്റെ നിറചിരി. ദേവുവും മകനും താമസിക്കുന്ന വീടിനും പറമ്പിനും തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു മകനും ഭാര്യക്കും അതിനടുത്തായി മകളുടെ പുരയിടങ്ങൾക്കും പട്ടയമായി. നാൽപ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പട്ടയങ്ങൾ ലഭിച്ചത്.
നാല് പതിറ്റാണ്ടായി ദുരിതങ്ങൾ സഹിച്ചാണ് ദേവു ഉൾപ്പെടെയുള്ളവർ കൊട്ടാരം പ്രദേശത്ത് ജീവിച്ചത്.
കൊട്ടാരം പ്രദേശത്തുകാർ മിച്ചഭൂമി കൈയേറ്റക്കാരല്ല, വിലകൊടുത്ത് ദശകങ്ങൾക്ക് മുമ്പ് വാങ്ങിയ മണ്ണിന് ഉടമകളാണെന്ന് തെളിയിക്കുന്നതായി പട്ടയ വിതരണം മാറി.
കൊട്ടാരം പ്രദേശത്തെ 33 പട്ടയങ്ങൾ മന്ത്രി വിതരണം ചെയ്തു. ലക്ഷംവീട്ടുകാരായ 80 കുടുംബങ്ങൾക്കും ഇരിട്ടി, എടൂർ എന്നിവിടങ്ങളിലും മന്ത്രി പട്ടയം നൽകി. കൊട്ടാരത്ത് ഇനി 14 കുടുംബങ്ങൾക്ക് പട്ടയം നൽകാനുണ്ട്. പരിശോധന നടക്കുകയാണ്. പായം വിളമനയിൽ ഒരു കുടുംബത്തിന്റെ മിച്ചഭൂമി പട്ടയവും മന്ത്രി നൽകി. ആറളം വില്ലേജിൽ 19, മുഴക്കുന്നിൽ 23, പായത്ത് 21, വിളമനയിൽ 12, തില്ലങ്കേരി, വെള്ളർവള്ളി, ചാവശേരി വില്ലേജുകളിൽ ഓരോ കുടുംബത്തിനും അടക്കം 114 കുടുംബങ്ങൾക്ക് വിവിധയിനം പട്ടയങ്ങൾ മന്ത്രി വിതരണംചെയ്തു.