കേരള ടീമിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന് മൂന്ന് താരങ്ങൾ

തലശ്ശേരി : പുതുച്ചേരിയിൽ തിങ്കളാഴ്ചമുതൽ 14-വരെ നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഇന്റർ സ്റ്റേറ്റ് ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കണ്ണൂർ ജില്ലയിൽനിന്ന് മൂന്ന് താരങ്ങൾ. സംഗീത് സാഗർ, തേജസ് വിവേക്, ഇ.സി. അഭിനന്ദ് എന്നിവരെയാണ് ടീമിലേക്ക് തിരഞ്ഞെടുത്തത്.
കേരള, പുതുച്ചേരി, പോണ്ടിച്ചേരി കോൾട്സ്, വിദർഭ, ചത്തീസ്ഗഢ്, ബംഗാൾ എന്നീ ടീമുകളാണ് ഏകദിന ടൂർണമെന്റിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച വിദർഭയോടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഫൈനൽ 14-നാണ്.
ഓപ്പണിങ് ബാറ്റ്സ്‌മാനായ സംഗീത് സാഗർ കഴിഞ്ഞ വർഷം ബി.സി.സി.ഐ.യുടെ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളാ ടീമംഗമായിരുന്നു. ടൂർണമെന്റിൽ മണിപ്പൂരിനെതിരേ 170 റൺസും വിദർഭയ്ക്കെതിരേ 132 റൺസുമെടുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.
തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് താരമായ സംഗീത് സാഗറിനെ കഴിഞ്ഞവർഷം രാജസ്ഥാൻ റോയൽസ് ജൂനിയർ ടീം പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരുന്നു. കോട്ടയംപൊയിൽ എടത്തിൽ ഹൗസിൽ വി. ഗിരീഷ് കുമാറിന്റെയും കെ.കെ. ഷിജിനയുടേയും മകനാണ്. തലശ്ശേരി സെയ്ൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്.
ഓൾറൗണ്ടറായ തേജസ് വിവേക് സ്കൂൾസ് ടൂർണമെന്റിൽ കേരള ടീമിനെയും കണ്ണൂർ ജില്ലാ ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് താരമാണ്. വലംകൈയൻ മധ്യനിര ബാറ്റ്സ്‌മാനും വലംകൈയൻ ഓഫ് സ്പിന്നറുമാണ്. കണ്ണൂർ കണ്ണാടിപ്പറമ്പ് നാലവടത്ത് ഹൗസിൽ എൻ.കെ. വിവേകാനന്ദന്റെയും ബിന്ദുവിന്റെയും മകനാണ്.
കോഴിക്കോട് ദേവഗിരി സെയ്ൻറ് ജോസഫ്സ് കോളേജിൽ ഒന്നാം വർഷ ബി.സി.എ. ബിരുദ വിദ്യാർഥിയാണ്.വലം കൈയൻ മധ്യനിര ബാറ്റ്സ്‌മാനായ ഇ.സി. അഭിനന്ദ് ആദ്യമായാണ് കേരളാ ടീമിലെത്തുന്നത്. ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബ് താരമായ അഭിനന്ദ് കണ്ണൂർ ജില്ലാ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൊട്ടിയൂർ ഐ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു കൊമേഴ്സ് പൂർത്തിയാക്കി. പാൽച്ചുരം എടമണ ഹൗസിൽ ചന്ദ്രന്റെയും റീനയുടെയും മകനാണ്.