തായ്‌ലന്‍ഡില്‍ ഇനി കുറഞ്ഞ ചിലവില്‍ പോകാം; ഇന്ത്യക്കാരുടെ ഇ-വിസ ഫീസ് വെട്ടികുറയ്ക്കുന്നു

Share our post

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സഞ്ചാരികളുടെ വിസ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താനൊരുങ്ങി തായ്‌ലന്‍ഡ്. ഇതിന്റെ ഭാഗമായി ഇ-വിസ ഫീസ് വെട്ടിക്കുറയ്ക്കും. വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാനുള്ള അനുമതി കൊടുക്കുന്നതും തായ്‌ലന്‍ഡ് പരിഗണിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്.

15 ദിവസത്തെ വിസ ഓണ്‍ അറൈവലിനായി അയ്യായിരം രൂപയോളമാണ് നിലവില്‍ ഇന്ത്യക്കാരില്‍ നിന്ന് ഈടാക്കുന്നത്. തായ്‌ലന്‍ഡില്‍ ഏറ്റവും കൂടുതലെത്തുന്ന ചൈനക്കാര്‍ക്കും താരതമ്യേനെ ഉയര്‍ന്ന വിസ ഫീസാണ് നിലവിലുള്ളത്.

ഇത് നല്ല രീതിയില്‍ കുറവ് വരാനോ ഫീസ് ഒഴിവാക്കാനോ സാധ്യതയുണ്ടെന്നാണ് സൂചന. മാത്രമല്ല ഇ വിസ കാവലാവധിയും വര്‍ധിപ്പിക്കും. വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായ സ്രെത്ത തവിസിന്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ തായ്​ലൻഡിൽ എത്തുന്ന വിനോദ സഞ്ചാരികളില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യക്കാര്‍. 2022ല്‍ ഏകദേശം 1.12 കോടി വിദേശ വിനോദ സഞ്ചാരികളാണ് തായ്​ലൻഡിൽ എത്തിയത്. ഇതില്‍ പത്ത് ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നു. ഈ വര്‍ഷം തായ്ലന്‍ഡ് പ്രതീക്ഷിക്കുന്നത് മൂന്ന് കോടി വിദേശ സഞ്ചാരികളെയാണ്. ഓഗസ്റ്റ് ആയപ്പോഴേക്കും വിദേശ സഞ്ചാരികളുടെ എണ്ണം 1.7 കോടി കവിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സ്രെത്ത തവിസിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ രാജ്യത്ത് അധികാരമേറ്റത്. വിനോദസഞ്ചാര മേഖലയിലുള്‍പ്പടെ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് പുതിയ സര്‍ക്കാരിന്റെ നീക്കമെന്നാണ് തായ്‌ലന്‍ഡ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്‌ലന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!