ഗവി പാതയില്‍ വ്യാപക മണ്ണിടിച്ചില്‍; വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

Share our post

സീതത്തോട്: കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍-കക്കി-ഗവി പാതയില്‍ വ്യാപക മണ്ണിടിച്ചില്‍. പ്രദേശത്തേക്കുള്ള ഗതാഗതം മുടങ്ങി. ഗവിയിലേക്ക് കടന്നുപോകുന്നതിന് വിനോദസഞ്ചാരികള്‍ക്കുംമറ്റും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്തമഴയിലാണ് വ്യാപകമായി മണ്ണിടിഞ്ഞത്. റോഡില്‍ പലയിടത്തും കല്ലും മണ്ണും മരങ്ങളും വീണുകിടക്കുകയാണ്. ഇവ നീക്കാനുള്ള പണികള്‍ ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കക്കി-ഗവി മേഖലയില്‍ അതിശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് മൂഴിയാറിന് മുകളില്‍ അരണമുടി, കക്കി, ആനത്തോട് പ്രദേശത്താണ് മണ്ണിടിഞ്ഞത്. പലയിടത്തും റോഡിലേക്ക് വലിയ പാറക്കല്ലുകളും മരങ്ങളും മണ്ണും വീണു.

അപ്പര്‍മൂഴിയാര്‍ മുതല്‍ കക്കിവരെയുള്ള പല ഭാഗങ്ങളിലും റോഡിലൂടെ വെള്ളം കുത്തിയൊഴുകി. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. ചിലയിടങ്ങളില്‍ അപകടകരമാംവിധം വെള്ളം കെട്ടിക്കിടക്കുന്നു. കക്കി ഡാമിന് സമീപത്തെ മണ്ണിടിച്ചില്‍ ഏറെ അപകടമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്ന കെട്ടിടത്തിന് മുമ്പില്‍നിന്നും വലിയതോതില്‍ മണ്ണിടിഞ്ഞ് ഡാമിലേക്ക് വീണു.

കനത്തമഴ തുടരുന്നതിനാല്‍ ഗവി പാതയിലെ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിനോദ സഞ്ചാരികളുടെ യാത്ര പൂര്‍ണമായും നിരോധിച്ചു. ഗവിയിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങും നിര്‍ത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!