സിം കാർഡ് ഇനി തോന്നുംപടി വിൽക്കാനും വാങ്ങാനും സാധിക്കില്ല; നിബന്ധനകൾ കടുപ്പിച്ച്  ടെലികോം

Share our post

ന്യൂ ഡൽഹി: രാജ്യത്ത് സിം കാർഡുകൾ നൽകുന്നതിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി ടെലികോം വകുപ്പ്. ഉപഭോക്താക്കൾ എങ്ങനെ സിം കാർഡുകൾ വാങ്ങണമെന്നും ആക്ടീവാക്കണമെന്നതും സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. സിം കാർഡുകളുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് രണ്ട് സർക്കുലറുകളാണ്  ടെലികോം ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയത്. ഉപഭോക്തക്കൾക്കും ടെലികോം കമ്പനികൾക്കും ടെലികോം വകുപ്പ് നിർദേശങ്ങൾ നൽകി.

രാജ്യത്ത് സിം കാർഡുകൾ വിൽക്കുന്ന നിലവിലെ രീതിയുടെ സുരക്ഷ പരിശോധിക്കുന്നതിനൊപ്പം കെവൈസി നിർബന്ധമാക്കുന്ന വ്യവസ്ഥകളും പാലിക്കണമെന്ന് ടെലികോം ഡിപ്പാർട്ട്മെന്റ് പറയുന്നു. ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ വിൽക്കുന്ന സ്ഥാപനങ്ങൾ വഴി സിം കാർഡ് നൽകും മുൻപ് കെ.വൈ.സി ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം  സ്ഥാപനത്തിന് 10 ലക്ഷം രൂപ വീതം പിഴ ചുമത്തും. 2023 ഒക്ടോബർ ഒന്നു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. സിം കാർഡുകൾ വിൽക്കുന്ന നിലവിലുള്ള കടകൾ പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി  പ്രവർത്തിക്കണം. ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ ആരാണ് വിൽക്കുന്നത്, ഏത് രീതിയിലാണ് വിൽക്കുന്നത് എന്നതിനെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കണമെന്നും നിർദേശിച്ചു.

അസം, കാശ്മീർ, വടക്ക് കിഴക്ക് സംസ്ഥാനങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ, ടെലികോം കമ്പനികൾ പുതിയ സിം കാർഡുകൾ വിൽക്കാൻ കരാറിലേർപ്പെടേണ്ടി വരുമെന്ന സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്പാം സന്ദേശം, സൈബർ തട്ടിപ്പുകൾ, ബൾക്ക് പർച്ചേസ് തുടങ്ങി സിം കാർഡുകളുടെ ദുരുപയോഗം തടയാനാണ് പുതിയ നിർദേശങ്ങൾ. ബൾക്ക് സിം കാർഡ് വിൽക്കുന്നത് നിരോധിക്കുമെന്നും സിം കാർഡ് എടുക്കുന്നതിന് മുമ്പ് കെ.വൈ.സി നിർബന്ധമാക്കുമെന്നും പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!