പുല്ലൂപ്പിക്കടവ്; ആഴമറിയാത്ത അപകടതീരം
കണ്ണൂർ: കക്കാട് പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ച ദുരന്തം നടന്ന് ഒരു വർഷം തികയും മുമ്പേ വീണ്ടുമൊരു ദുരന്തം. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അത്താഴക്കുന്നിലെ സനൂഫാണ് വ്യാഴാഴ്ച കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടു മരിച്ചത്. ഇന്നലെ നാട്ടുകാരും പൊലീസും അഗ്നിരക്ഷ സേനയും തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം കണ്ടെടുത്തു.
കഴിഞ്ഞ സെപ്റ്റംബറിൽ ദുരന്തത്തിൽപെട്ടവരും അത്താഴക്കുന്ന് സ്വദേശികളായിരുന്നു. അത്താഴക്കുന്ന് കല്ലുകെട്ടുചിറയിലെ കൊലപ്പാല ഹൗസില്‍ റമീസ് (25), അത്താഴക്കുന്ന് കൗസര്‍ സ്കൂളിന് സമീപത്തെ കെ.പി. അസ്ഹറുദ്ദീൻ എന്ന അശര്‍ (25), അത്താഴക്കുന്നിലെ കെ. സഹദ് (27) എന്നിവരുടെ ജീവനാണ് 2022 സെപ്റ്റംബർ 26നുണ്ടായ ദുരന്തത്തിൽ പൊലിഞ്ഞത്.
പിറ്റേ ദിവസമാണ് മൂന്നുപേരുടെയും മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചത്. സുഹൃത്തുക്കളായ മൂന്നുപേരും വിനോദത്തിനായി തോണിയിൽ മീൻപിടിക്കാനിറങ്ങിയതായിരുന്നു. കല്ലുക്കെട്ടുചിറ തുരുത്തിക്ക് സമീപം തോണി മറിഞ്ഞായിരുന്നു അപകടം. ദുരന്തത്തിന് ശേഷം പുഴയിലേക്ക് ആളുകൾ കുളിക്കാനിറങ്ങുന്നതും തോണിയിൽ സഞ്ചരിക്കുന്നതും കുറവായിരുന്നു.
എന്നാല്‍, അപകടം ആളുകൾ മറന്നുതുടങ്ങിയതോടെ വീണ്ടും യുവാക്കള്‍ ജാഗ്രത പാലിക്കാതെ പുഴയിലേക്കിറങ്ങിത്തുടങ്ങിയതായി നാട്ടുകാർ പറഞ്ഞു. പലർക്കും അപകട മുന്നറിയിപ്പുകൾ നൽകിയാലും ഫലമുണ്ടാവാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണിത്.
വ്യാഴാഴ്ച കടവിലെത്തിയ യുവാക്കളിൽ സനൂഫ് മാത്രമാണ് കുളിക്കാനിറങ്ങിയത്. പാലത്തിനടുത്ത് നിന്ന് ചൂണ്ടയിടുന്നവര്‍ ഇവർക്ക് അപകട സൂചന നല്‍കിയിരുന്നു. ഏതാനും നിമിഷങ്ങൾക്കകം തന്നെ ഒഴുക്കിൽപ്പെടുകയും ചെയ്തു. സുഹൃത്തുക്കളുടെ നിലവിളികേട്ട് സമീപത്തുണ്ടായിരുന്നവരെത്തി അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.
സേനാംഗങ്ങളും നാട്ടുകാരും ഊർജിതമായി തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയിരുന്നില്ല. വെളിച്ചമില്ലാത്തതിനാൽ വ്യാഴാഴ്ച രാത്രി എട്ടരയോടെ തിരച്ചിൽ നിർത്തുകയായിരുന്നു. കണ്ണൂർ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ റിജിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹൻ, മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അപകടവിവരമറിഞ്ഞ് ജനങ്ങൾ പാലത്തിൽ തടിച്ചുകൂടി. വ്യാഴാഴ്ച ഇതുവഴി വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
