പേരാവൂർ മണ്ഡലത്തിലെ നാല് വില്ലേജ് ഓഫീസുകൾ പുതിയകെട്ടിടത്തിലേക്ക്
ഇരിട്ടി: കീഴൂർ സ്മാർട്ട് വില്ലേജ് ഉൾപ്പെടെ പേരാവൂർ മണ്ഡലത്തിലെ നാല് വില്ലേജ് ഓഫീസുകൾക്കായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും 114 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും നാലിന് നടക്കും. കീഴൂർ വില്ലേജ് ഓഫീസിനായി 44 ലക്ഷം രൂപ ചിലവിൽ ഇരിട്ടിയിൽ നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാലിന് രാവിലെ ഒൻപതരക്ക് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വയത്തൂർ വില്ലേജ് ഓഫീസിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാവിലെ പത്തരക്ക് മന്ത്രി നിർവ്വഹിക്കും. . ഉച്ചക്ക് 12ന് 44 ലക്ഷം രൂപ ചിലവിൽ എടൂരിൽ നിർമ്മിച്ച ആറളം വില്ലേജ് ഓഫീസിന്റെ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം 2.30ന് വെള്ളർവള്ളി വില്ലേജ് ഓഫീസിനായി 44 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്യും.
മണത്തണ വില്ലേജ് ഓഫീസിനായി നിർമ്മിച്ച പുതിയ കെട്ടിടം വൈകിട്ട് 3.30ന് മന്ത്രി ഉദ്ഘാടനം ചെയ്യും. ആറളം ചെടിക്കുളം കൊട്ടാരത്തെ 33 കുടുംബങ്ങൾക്കും വിളമന വില്ലേജിലെ ഒരു കുടുംബത്തിനുമുള്ള മിച്ച ഭൂമി പട്ടയവും എടൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വിതരണം ചെയ്യും. കൊട്ടാരത്ത് മിച്ചഭൂമിയാണെന്ന് അറിയാതെ പണം കൊടുത്തു വാങ്ങി വർഷങ്ങളായി വീടുവെച്ച് കഴിയുന്ന കുടുംബങ്ങൾക്കാണ് പട്ടയം നൽകുന്നത്.
ആറളം വില്ലേജിൽ 19 കുടുംബങ്ങൾക്കും മുഴക്കുന്ന് വില്ലേജിൽ 23 കുടുംബങ്ങൾക്കും, പായം വില്ലേജിലെ 21 കുടുംബങ്ങൾക്കും വിളമന വില്ലേജിലെ 12 കുടുംബങ്ങൾക്കും, തില്ലങ്കേരി,വെള്ളർവള്ളി, ചാവശേരി, തുടങ്ങിയ വില്ലേജുകളിൽ ഒരു കുടുംബത്തിനുമാണ് ലക്ഷം വീട് പട്ടയം വിതരണം ചെയ്യുന്നത്.
പുന്നാട് പ്രവർത്തിച്ചിരുന്നു കീഴൂർ വില്ലേജ് ഓഫീസ് ഇരിട്ടിയിലേക്ക് മാറുന്നതോടെ ഇരിട്ടി നഗരസഭയുടെ ഭാഗമായ എടക്കാനത്തെ മുഴുവൻ പ്രദേശങ്ങളും കീഴൂർ വില്ലേജിന്റെ ഭാഗമാക്കാൻ റവന്യു വകുപ്പ് നടപടി തുടങ്ങി. ഇപ്പോൾ എടക്കാനത്തെ കുറെ ഭാഗങ്ങൾ പായം പഞ്ചായത്തിലെ പായം വില്ലേജിന്റെ ഭാഗമാണ്. പുതിയ സാഹചര്യം മനസിലാക്കി എടക്കാനത്തെ കീഴൂർ വില്ലേജിൽ ഉൾപ്പെടുത്തുന്നതിനുളള നിർദ്ദേശം സർക്കാറിലേക്ക് അയച്ചതായി തഹസിൽദാർ അറിയിച്ചു.
