നാലരവയസ്സുകാരിയെ വീട്ടുമുറ്റത്തു നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; യു.പി. സ്വദേശി അറസ്റ്റില്‍

Share our post

മാവേലിക്കര: നാലരവയസ്സുകാരിയെ വീട്ടുമുറ്റത്തു നിന്നു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കല്ലിമേല്‍ വരിക്കോലയ്യത്ത് ഏബനസര്‍ വില്ലയില്‍ ഫെബിന്റെയും ജീനയുടെയും മകള്‍ ഇവാ ഫെബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മനീത് സിങ് (30) ആണ് പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. ഇവായും സഹോദരന്‍ ഡെനില്‍ ഫെബിനും വീട്ടുമുറ്റത്തു പൂക്കളമൊരുക്കി കളിക്കുകയായിരുന്നു. ഇടയ്ക്ക് ഡെനില്‍ പൂക്കള്‍ ശേഖരിക്കാനായി സൈക്കിളില്‍ സമീപത്തെ വീട്ടിലേക്കുപോയി. ഈ സമയത്താണ് തറയോട് വൃത്തിയാക്കുന്നതിനുള്ള ലായനി വില്‍ക്കുന്നതിനായി മനീത് സിങ് എത്തിയത്. പരിസരത്ത് ആരുമില്ലെന്നുകണ്ട ഇയാള്‍ ഇവായെ കഴുത്തില്‍ കുത്തിപ്പിടിച്ചു പൊക്കിയെടുത്തു വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തില്‍ ഇരുത്തി.

പൂക്കളുമായി ഡെനില്‍ മടങ്ങിവരവെ ഇവാനെ എടുക്കുന്നതുകണ്ട് ഡെനില്‍ നിലവിളിച്ചു. ഇതോടെ മനീത് കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ സമീപവാസികള്‍ നടത്തിയ തിരച്ചിലില്‍ മനീത് സിങ്ങിനെ കല്ലിമേലില്‍ നിന്നുതന്നെ കണ്ടെത്തി.

പിടിയിലായ ആളിനെ വീട്ടിലെത്തിച്ചു കുട്ടികളെ കാണിച്ചു പ്രതിതന്നെയാണെന്ന് ഉറപ്പാക്കിയ ശേഷം പോലീസില്‍ വിവരമറിയിച്ചു. മാവേലിക്കര പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!