ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്‌; ലക്ഷ്യസ്ഥാനത്ത്‌ എത്തുക ഡിസംബറിലോ ജനുവരിയിലോ

Share our post

തിരുവനന്തപുരം : ഐ.എസ്‌.ആർ.ഒ.യുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ശനിയാഴ്‌ച യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ വെള്ളിയാഴ്‌ച ആരംഭിച്ചു. എക്‌സ്‌.എൽ ശ്രേണിയിലുള്ള പി.എസ്‌.എൽ.വി.സി 57 റോക്കറ്റാണ്‌ പേടകവുമായി കുതിക്കുക.

ഒരു മണിക്കൂറിലേറെ നീളുന്ന ജ്വലന പ്രക്രിയയിലൂടെ ഭൂമിക്ക്‌ ചുറ്റുമുള്ള ആദ്യഭ്രമണ പഥത്തിലെത്തിക്കും. പിന്നീട്‌ പടിപടിയായി പഥം ഉയർത്തി 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റിലേക്ക്‌ പേടകത്തെ തൊടുത്തു വിടും. ദീർഘ യാത്രയ്‌ക്കൊടുവിൽ ഡിസംബറിലോ ജനുവരിയിലോ ലക്ഷ്യത്തിലെത്തും.

ഭൂമിക്കും സൂര്യനുമിടയിൽ ഗുരുത്വാകർഷണബലം തുല്യമായ മേഖലയാണ്‌ ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റ്‌. ഇവിടെ പ്രത്യേക പഥത്തിൽ ഭ്രമണം ചെയ്‌ത്‌ സൂര്യനെ നിരീക്ഷിച്ച്‌ വിവരങ്ങൾ ലഭ്യമാക്കും. 15 കോടിയിലധികം കിലോമീറ്റർ അകലെയുള്ള സൂര്യനെ പഠിക്കാൻ ഏറ്റവും ആധുനികമായ ഏഴ്‌ പരീക്ഷണ ഉപകരണങ്ങളാണ്‌ ആദിത്യയിലുള്ളത്‌. സൂര്യന്റെ കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ, സൗരവാതങ്ങൾ തുടങ്ങിയവയെ സൂക്ഷ്‌മമായി നിരീക്ഷിക്കും. സൗരപ്രതിഭാസങ്ങൾ വഴി സൂര്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ ബാധിക്കുന്നതെങ്ങനെയെന്ന പഠനമാണ്‌ ആദിത്യയുടെ ലക്ഷ്യം. അഞ്ച്‌ വർഷമാണ്‌ ദൗത്യ കാലാവധി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!