അസൈനാർ ഹാജിക്കുണ്ട്, പത്ത് ഏക്കറിൽ സ്വപ്നം പോലൊരു കാട്

Share our post

മുണ്ടേരി : സ്വന്തമായി സ്വപ്നവനം തീർത്തു നാട്ടുകാർക്കു തണലൊരുക്കുകയാണു മുണ്ടേരി തലമുണ്ടയിലെ പള്ളിക്കൽ ചിരട്ടേന്റകത്ത് പി.സി.അസൈനാർ ഹാജി. വീടിനുചുറ്റും 10 ഏക്കറിലാണ് സ്വപ്നവനം തീർത്തത്. കൂർഗിൽ തോട്ടങ്ങൾ ഉണ്ടായിരുന്ന പിതാവ് പരേതനായ എം.പി.മുഹമ്മദലി ഹാജിക്കൊപ്പമുള്ള യാത്രയിൽ കണ്ട വനവും അതിന്റെ ഭംഗിയുമാണ് അതേ മാതൃകയിൽ വീടിനോടു ചേർന്നു വനഭൂമി നിർമിക്കാൻ പ്രചോദനമായത്.

20 വർഷത്തെ പ്രയത്നം കൊണ്ടാണ് സ്വപ്നവനം ഒരുങ്ങിയത്. മാവ്, പ്ലാവ്, രക്തചന്ദനം, ഊദ്, ആഫ്രിക്കൻ, ആൻഡമാൻ പടോക്ക്, തേക്ക്, മഹാഗണി തുടങ്ങി വിവിധയിനം വൃക്ഷങ്ങളുടെ അമൂല്യ ശേഖരം ഇവിടത്തെ കാഴ്ചകളാണ്. ദൂരസ്ഥലങ്ങളിൽനിന്നുപോലും തലമുണ്ടയിലെ കൃത്രിമവനം കാണാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്.

ശാസ്ത്രീയമായി നീർത്തടം

മഴവെള്ളം സംഭരിക്കാൻ സാധിക്കുംവിധം ശാസ്ത്രീയമായി നീർത്തടം ഒരുക്കിയാണു മരം നട്ടു പിടിപ്പിച്ചത്. എത്ര ശക്തമായ മഴ പെയ്താലും ഒരു തുള്ളി പോലും ഇവിടെ നിന്നു പുറത്തേക്കൊഴുകില്ല. അതുകൊണ്ടുതന്നെ കൊടിയ വരൾച്ചയിലും പ്രദേശത്തെ വീടുകളിലെ കിണറുകളിലെ വെള്ളം വറ്റാറില്ലെന്ന് അസൈനാർ പറഞ്ഞു. വേനൽക്കാലത്ത് മരങ്ങൾക്ക് വെള്ളം നനയ്ക്കാൻ വേണ്ടി കൂറ്റൻ വാട്ടർ ടാങ്കും ഇവിടെയുണ്ട്.

സൗജന്യ ഫലവൃക്ഷത്തൈകൾ

പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം 20000 ഫലവൃക്ഷത്തൈകൾ ഇതിനകം സൗജന്യമായി എത്തിച്ചുകൊടുത്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ലിറ്റിൽ ഫോറസ്റ്റ് ചാലഞ്ചിലേക്ക് 1000 ഫലവൃക്ഷത്തൈകളും ഇരിക്കൂർ, ശ്രീകണ്ഠപുരം, ഉളിക്കൽ, പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിൽ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം 14,000 ഫലവൃക്ഷത്തൈകളും ഇദ്ദേഹം നൽകിയിട്ടുണ്ട്.

സാംസ്കാരിക സംഘടനകൾക്കും സൗജന്യമായി തൈകൾ നൽകുന്നുണ്ട്.പ്രത്യേകം സജ്ജമാക്കിയ കവറിലാണ് തൈകൾ നട്ടുപിടിപ്പിക്കുന്നത്. ഇവയാണു ജില്ലയിൽ എത്തിച്ചു നൽകുന്നത്.വിവിധ ഇനം പേര, പ്ലാവ്, മാവ് എന്നിവയാണ് പ്രധാനമായും വിതരണം ചെയ്യുന്നത്.

പരിസ്ഥിതി മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വിഭാഗം വൈസ് പ്രസിഡന്റ്, കൂർഗ് ജില്ലാ മുസ്‍ലിം അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിക്കുന്നു. ഭാര്യപി.അസ്മാവി. മക്കൾ–സൈനുദ്ദീൻ (എംഡി, വളപട്ടണം കീരിയാട് പി.സി. പ്ലൈവുഡ്സ്), റിയാദ് (കൂർഗ്) നൗഷാദ് (ഖത്തർ), ഷാനിദ്(ദുബായ്), ഷമീന, ഷലീന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!