വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയും കുറച്ചു

ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യാശ്യത്തിനുള്ള എൽ.പി.ജി. വിലയും കുറച്ച് കേന്ദ്രം. 19 കിലോ ഗ്രാം എൽ.പി.ജി.യ്ക്ക് 158 രൂപയാണ് കേന്ദ്രം കുറച്ചതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഡൽഹിയിൽ വാണിജ്യാവശ്യങ്ങൾക്കായുള്ള സിലിണ്ടറുകൾ 1522 രൂപ ആയി കുറയും.
നേരത്തെ, ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന്റെ വില 200 രൂപ കുറച്ചിരുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്ക്, പ്രധാനമന്ത്രി ഉജ്ജ്വലയോജനപ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിൻഡർ വിലയിൽ 200 രൂപ സബ്സിഡി നൽകുന്നത് തുടരുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഫലത്തിൽ, ഉജ്ജ്വല പദ്ധതി ഉപഭോക്താക്കൾക്ക് മൊത്തം 400 രൂപയുടെ ഇളവ് ലഭിക്കും. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിൻഡറിനാണ് നിരക്കിളവ്.
നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം എന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണെന്ന തരത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു.