സ്‌കൂളുകളില്‍ കുടുംബശ്രീ കട ; വ്യാപാരികള്‍ക്ക് ആശങ്ക

Share our post

ലഹരി വസ്തുക്കളുടെ വ്യാപനം തടയാനുള്ള നീക്കമെന്ന പേരില്‍ സ്‌കൂളുകള്‍ക്കകത്ത് കുടുംബശ്രീയുടെ കീഴില്‍ കടകള്‍ തുറക്കാനുള്ള നീക്കത്തില്‍ വ്യാപാരികള്‍ക്ക് ആശങ്ക. കുടുംബശ്രീയുടെ കടകള്‍ തുടങ്ങുന്നതോടെ കുട്ടികള്‍ പുറത്തുള്ള കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്കുണ്ടാകുമെന്നും ഇത് സ്‌കൂള്‍ പരിസരങ്ങളിലെ ചെറുകിട വ്യാപാരികളുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുമെന്നുമാണ് ആശങ്ക.

ജില്ലയില്‍ രണ്ടായിരത്തിന് മുകളില്‍ കുട്ടികള്‍ പഠിക്കുന്ന 11 സ്‌കൂളുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.ഇതിനായി അതത് സ്‌കൂളുകളിലെ മുഖ്യാധ്യാപകരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കാസര്‍ഗോഡ്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.

നോട്ടുബുക്കുകൾ ള്‍പ്പെടെയുള്ള പഠനസാമഗ്രികളും ഫാന്‍സി സാധനങ്ങളും ലഘുഭക്ഷണവും മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളുമെല്ലാം കുടുംബശ്രീ കടകളില്‍ ലഭ്യമാക്കും. ഇതോടെ സ്‌കൂളിലെ ഇടവേള സമയങ്ങളില്‍ കുട്ടികള്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോകുന്നത് തടയാനാണ് നീക്കം.

ഇതിന്‍റെ ഉത്തരവാദിത്വം കട നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുക്കാനും ഇതോടെ കുട്ടികള്‍ അവരുടെ അടുത്തുനിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകാനുമാണ് സാധ്യതയെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അവരവര്‍ക്ക് താല്പര്യമുള്ള മികച്ച ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്ത് വാങ്ങാനുള്ള അവസരം പോലും ഇതോടെ കുട്ടികള്‍ക്ക് നഷ്ടമാകും.

ലഹരിവസ്തുക്കളുടെ വ്യാപനം തടയാന്‍ സര്‍ക്കാരിന് കൃത്യമായ സംവിധാനങ്ങളുണ്ടെന്നിരിക്കേ ചെറുകിട വ്യാപാരികളെ മുഴുവന്‍ ലഹരിവസ്തുക്കളുടെ ഏജന്‍റുമാരായി മുദ്രകുത്തുന്നതും പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ പറയുന്നു.

ഹരിതകര്‍മസേനയുടെ പേരില്‍ പലയിടങ്ങളിലും പഴയ സാധനങ്ങള്‍ വിലയ്ക്കെടുക്കുന്നവരുടെ കടകള്‍ പൂട്ടിച്ചതിനു സമാനമായ നീക്കമാണ് സര്‍ക്കാരിന് കൃത്യമായി ജിഎസ്ടി അടച്ച്‌ ജോലിചെയ്യുന്ന ചെറുകിട വ്യാപാരികള്‍ക്കു നേരെയും നടക്കുന്നതെന്നാണ് അവരുടെ പരാതി.

സര്‍ക്കാര്‍ പിന്തുണയോടെ എല്ലാ മേഖലകളിലും കുടുംബശ്രീയുടെ കുത്തകവത്കരണം നടപ്പാക്കാനാണ് നീക്കമെങ്കില്‍ അതിനെതിരെ വ്യാപാരികള്‍ സമരരംഗത്തേക്ക് ഇറങ്ങുമെന്ന് വ്യാപാരി നേതാക്കള്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!