ഇരിട്ടിയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലെ ഗ്രോട്ടോ കത്തിനശിച്ച സംഭവം; പോലിസ് അന്വേഷണം ഊര്‍ജ്ജിതം

Share our post

ഇരിട്ടി: ഇരിട്ടിക്കു സമീപം എടത്തൊട്ടി സെന്റ് വിന്‍സന്റ് ഇടവകയ്ക്കു കീഴിലുള്ള കാക്കയങ്ങാട് ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബുധനാഴ്ച പുലര്‍ച്ചെ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികനായ വിളക്കോട് സ്വദേശിയാണ് തീയണച്ചത്. ഉടന്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഗ്രോട്ടോയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സാമൂഹികവിരുദ്ധര്‍ തീയിട്ടതാണെന്നാണ് സംശയം. മുഴക്കുന്ന് പോലിസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഗ്രോട്ടോയുടെ സമീപത്തു നിന്ന് ഒരു ഒഴിഞ്ഞ കുപ്പി കണ്ടെടുത്തിട്ടുണ്ട്.

പെട്രോള്‍ കൊണ്ടുവന്നതാണോ ഇതെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. വിവരമറിഞ്ഞ് വിവധ രാഷ്ട്രീയ നേതാക്കളും സാമൂഹികപ്രവര്‍ത്തകരും സ്ഥലത്തെത്തി. തീവച്ച്‌ നശിപ്പിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം പോലിസ് അന്വേഷിക്കണം.

പ്രദേശത്തെ സമാധാനം തകര്‍ക്കാനും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുമുള്ള ഏതൊരു ശ്രമവും ഗൗരവത്തോടും ജാഗ്രതയോടും കൂടി കാണണം. പോലിസ് ഈ വിഷയം കരുതലോടെ കൈകാര്യം ചെയ്യണം. കുറ്റക്കാര്‍ ആരായാലും ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേതാക്കളായ ജൂബിലി ചാക്കോ, തോമസ് വര്‍ഗീസ്, ബൈജു വര്‍ഗീസ്, രാജു, ഗിരീഷ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹീം മുണ്ടേരി, പേരാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഒ ഹംസ വിളക്കോട്, മണ്ഡലം പ്രസിഡന്റ് എം. എം മജീദ്, എസ്. ഡി.പി. ഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. പി മുഹമ്മദ്, സെക്രട്ടറി കെ. മുഹമ്മദലി, കാക്കയങ്ങാട് ബ്രാഞ്ച് പ്രസിഡന്റ് എ. കെ സാജിദ്, നവാസ് അയ്യപ്പന്‍കാവ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!