വിമാനത്താവള പുനരധിവാസ പാക്കേജ്: കുടിയൊഴിപ്പിക്കപ്പെട്ടവര്‍ സൂചനാസമരം നടത്തി

Share our post

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പുനരധിവാസ പാക്കേജ് നടപ്പാക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കാനാട് കോളിപ്പാലത്തെ ഭൂവുടമകള്‍ സൂചനാ സമരം നടത്തി.

വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ കോളിപ്പാലത്തെ സ്ഥലത്ത് ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചത്. വിമാനത്താവള പ്രദേശത്ത് നിന്ന് കല്ലും മണ്ണും ഒഴുകിയെത്തിയതിനെ തുടര്‍ന്ന് 2017 ലാണ് ഏഴു കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്.

ആറു വര്‍ഷം കഴിഞ്ഞിട്ടും സ്ഥലമേറ്റെടുപ്പിനുള്ള നടപടി പൂര്‍ത്തിയായിട്ടില്ല. കളക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെയും സ്ഥലം എംഎല്‍എയടക്കമുള്ള ജനപ്രതിനിധികളെയും പലതവണ കണ്ട് ആവശ്യമുന്നയിച്ചെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനത്തിന്‌ ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍റെ മൂല്യനിര്‍ണയം നടത്തിയെങ്കിലും പിന്നീട് നടപടികളുണ്ടായില്ല. സ്ഥലം കൈമാറ്റം ചെയ്യാനോ പഴകി തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാനോ സാധിക്കാതെ ദുരിതത്തിലാണ് ഇവര്‍. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ഭൂവുടമകള്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!