പണി മുടക്കുമോ, ക്രഷർ നിയന്ത്രണം

കണ്ണൂർ: ക്രഷർ നിയന്ത്രണങ്ങൾമൂലം മണ്ണിനു കല്ലിനും ക്ഷാമം നേരിടുന്നത് ജില്ലയിലെ ദേശീയപാതാ വികസന പ്രവൃത്തിയെയും പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക. ക്രഷർ ഉൽപന്നങ്ങളുടെ കുറവ് ചിലയിടങ്ങളിലെ ദേശീയപാതാ പ്രവൃത്തികളെ മന്ദഗതിയിലാക്കിയിട്ടുണ്ടെങ്കിലും നിലവിൽ ജില്ലയിൽ വലിയ തോതിൽ ബാധിച്ചിട്ടില്ല.
ക്രഷറുകൾക്ക് 12 മണിക്കൂറോ 8 മണിക്കൂറോ പ്രവൃത്തിക്കാനാണ് അനുമതി. ഇതുകൊണ്ട് വേണ്ടത്ര അളവിൽ കല്ലും മണ്ണും ലഭിക്കുന്നില്ല. നിലവിൽ ഈ അവസ്ഥ വലിയ പ്രതിസന്ധി ഉണ്ടാക്കില്ല. എന്നാൽ, മണ്ണിട്ടുയർത്തിയ സ്ഥലങ്ങളിൽ മഴക്കാലം കഴിയുന്നതോടെ ടാറിങ് തുടങ്ങും. അപ്പോൾ ഒരു ദിവസത്തെ ടാറിങ്ങിനു വേണ്ട അളവിൽ കല്ലും മറ്റും കിട്ടുന്നതിന് ദേശീയപാത അതോറിറ്റി അനുവാദം ചോദിച്ച് അപേക്ഷ നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവർ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുമുണ്ട്.നിയന്ത്രണങ്ങളിൽ ചില ഭേദഗതികൾ പരിഗണിക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്ന് അധികൃതർ പറയുന്നു. നിലവിലെ ദേശീയപാതയോട് ചേർന്ന് പുതിയ റോഡിന്റെ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ യാത്രാ ക്ലേശം രൂക്ഷമാണ്. ചിലയിടങ്ങളിലുള്ള വെള്ളക്കെട്ട് ഭീഷണി പരിഹരിക്കപ്പെടാൻ ഡ്രെയ്നേജുകളുടെ നിർമാണം പൂർത്തിയാകേണ്ടതുണ്ട്.
പുതിയ ദേശീയപാത നിർമാണം പൂർത്തിയാകുന്നതുവരെ നിലവിലെ ദേശീയപാതയുടെ ചുമതലയും ദേശീയപാത അതോറിറ്റിക്കാണ്. നിലവിലെ റോഡിന്റെ അറ്റകുറ്റപ്രവൃത്തികകളും മറ്റും പൊതുമരാമത്ത് വകുപ്പിന് ഏറ്റെടുത്ത് ചെയ്യണമെങ്കിലും പുതിയ ദേശീയപാതയുടെ പ്രവൃത്തി സമയ ബന്ധിതമായി പൂർത്തായാകണം.ക്രഷർ ഉൽപന്നങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇതിനെല്ലാം പ്രതിസന്ധിയാകും.