ബി.എം.എസ് നേതാവിൻ്റെ ഓട്ടോ തീവെച്ചു നശിപ്പിച്ചു

പെരിങ്ങത്തൂർ: ബി.എം.എസ് നേതാവിൻ്റെ ഓട്ടോ തീവെച്ചു നശിപ്പിച്ചു. 18-ാം വാർഡിൽ ഗുരുജി മുക്കിന് സമീപം അക്കരാമ്മൽ അരുകുനിയിൽ മനോജിന്റെ KL 58 L 2428 നമ്പർ ഓട്ടോറിക്ഷയാണ് തിരുവോണ ദിവസം തീവെച്ച് നശിപ്പിക്കപ്പെട്ടത്. എ.കെ.മനോജ് ബി.എം.എസ് പാനൂർ നഗരസഭാ കമ്മിറ്റി പ്രസിഡന്റാണ്.
ഉറങ്ങിക്കിടക്കുകയായിരുന്ന മനോജിന്റെ കുടുംബം കനത്ത പുക മുറിയിലേക്ക് അടിച്ചു കയറിയപ്പോഴാണ് വിവരമറിഞ്ഞത്.മുറിയിൽ നല്ല ചൂട് അനുഭവപ്പെടുകയും ചെയ്തിരുന്നു.മനോജിന്റെ ഭാര്യയും മക്കളും അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. വീടിന്റെ പുറകുവശത്തെ മുറ്റത്താണ് ഓട്ടോറിക്ഷ നിർത്തിയിരുന്നത്. ഓട്ടോറിക്ഷ തിങ്കളാഴ്ച ഉച്ചയ്ക്ക് കയറ്റിയിട്ടതായിരുന്നു. മനോജ് വീട് തുറന്നു പുറത്തേക്ക് എത്തുമ്പോഴേക്കും ഓട്ടോറിക്ഷ പൂർണ്ണമായും കത്തി നശിച്ചിരുന്നു.
വീടിന് തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. ഓട് മേഞ്ഞ വീടാണ് മനോജിൻ്റേത്. മുറ്റത്തുവിരിച്ച താർപ്പായയും സമീപത്തെ വിറകുകളും ജനൽ എന്നിവയും കത്തി നശിച്ചു. മത്സ്യം വളർത്തിയിരുന്ന അക്വേറിയവും നശിച്ചു.വീട്ടുകാരറിയാൻ അല്പസമയം കൂടി വൈകിയിരുന്നെങ്കിൽ വീടിന്റെ മുകൾ നിലയ്ക്ക് തീ പടരുമായിരുന്നു. വീട്ടിൽനിന്ന് പൈപ്പ് ഉപയോഗിച്ച് വെള്ളമെടുത്തു തീ കെടുത്തുകയായിരുന്നു.
ചൊക്ലി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സാമൂഹ്യ പ്രവർത്തകനും നാട്ടുമുഖ്യസ്ഥനുമായ എ.കെ. അനന്തന്റെ മകനാണ് മനോജ് . പെരിങ്ങങ്ങത്തൂരിനടുത്ത് മാക്കാണ്ടി പീടികയിലെ സൗരവിന്റെ ഓട്ടോയും കത്തിക്കപ്പെട്ടിരുന്നു. ഈ കേസിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ആർ.എസ്.എസ്, ബി.എം.എസ് ,ബി.ജെ.പി നേതാക്കളായ ജിരൺ പ്രസാദ്, പി.പി.രാമചന്ദ്രൻ , കെ.ടി.കെ. ബിനീഷ് ,കെ. മഹേഷ്, കെ.കെ. ധനഞ്ജയൻ , പി.പി.രജിൽ കുമാർ, സി.പി.രാജീവൻ , എം.പി. പ്രജീഷ് എന്നിവർ വീട് സന്ദർശിച്ചു.