സെപ്റ്റംബറിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഏഴോളം സാമ്പത്തിക മാറ്റങ്ങളാണ് താഴെ പറയുന്നത്. ഇക്കാര്യങ്ങൾ അവഗണിച്ചാൽ ഒരുപക്ഷെ വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടായേക്കാം.
ആധാർ സൗജന്യ അപ്‌ഡേറ്റ് (Aadhaar Free Updation)
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനു സെപ്റ്റംബർ 14 വരെയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. ജൂൺ 14 ന് അവസാനിച്ച സമയപരിധിയാണ് അധികൃതർ സെപ്റ്റംബറിലേക്കു നീട്ടിയത്. 10 വർഷം പഴക്കമുള്ള ആധാർ വിവരങ്ങൾ ഉപയോക്താക്കൾ പുതുക്കണമെന്ന് അടുത്തിടെ സർക്കാർ വ്യക്തമാക്കിയിരുന്നു.`
2000 രൂപ നോട്ടുകൾ സെപ്റ്റംബർ 30 വരെ മാത്രം (2000 Note Change)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ നാല് മാസത്തെ സമയം അനുവദിച്ചിരുന്നതും സെപ്റ്റംബറിൽ അവസാനിക്കുകയാണ്. സെപ്റ്റംബർ 30 വരെയാണ് ഉപയോക്താക്കൾക്കു സമയമുള്ളത്. ഇതിനു ശേഷം 2000 രൂപ നോട്ടുകൾക്കു പൊതുവിപണിയിൽ മൂല്യം ഉണ്ടായിരിക്കില്ല. അതിനാൽ കൈയ്യിൽ 2000 രൂപ നോട്ടുകൾ ഉള്ളവർ സെപ്റ്റംബർ 30നകം അത് മാറുകയോ, ബാങ്കുകളിൽ നിക്ഷേപിക്കുകയോ വേണം.
പാൻ- ആധാർ ലിങ്കിംഗ് (PAN- Aadhaar Linking)
സ്‌മോൾ സേവിംഗ്‌സ് സ്‌കീം ഉപയോക്താക്കളെ സംബന്ധിച്ചും സെപ്റ്റംബർ പ്രധാനമാണ്. 2023 സെപ്റ്റംബർ 30-നകം ഇത്തരം പദ്ധതികളിൽ ആധാർ ലിങ്ക് ചെയ്യേണ്ടതുണ്ട്. നടപടി പൂർത്തിയാക്കാത്ത അക്കൗണ്ടുകൾ ഒക്‌ടോബർ 1 മുതൽ സസ്‌പെൻഡ് ചെയ്യും. ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകൾ തുറക്കുന്ന പുതിയ ഉപയോക്താക്കൾ ആറു മാസത്തിനുള്ളിലെങ്കിലും അക്കൗണ്ട് അധാറുമായി ലിങ്ക് ചെയ്തിരിക്കണം.
ഡീമാറ്റ് അക്കൗണ്ട് നോമിനേഷൻ (Demat Account Nomination)
ഓഹരി വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകാനോ നാമനിർദ്ദേശം ഒഴിവാക്കാനോ ഉള്ള സമയം നീട്ടിയിട്ടുണ്ട്. പുതുക്കിയ സമയപരിധി 2023 സെപ്റ്റംബർ 30 ആണ്.
എസ്.ബി.ഐ വീ കെയർ (SBI We care)
മുതിർന്ന പൗരന്മാർക്കായി എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്ന വീ കെയർ പദ്ധതിയിൽ സ്ഥിരനിക്ഷേപം ആരംഭിക്കാനുള്ള സമയപരിധിയും സെപ്റ്റംബർ 30 ന് അവസാനിക്കും. ഉയർന്ന പലിശ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തണം. അതേസമയം ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഈ സ്‌കീമിന് മുതിർന്ന പൗരന്മാർക്ക് മാത്രമേ അർഹതയുള്ളൂ. 7.50 ശതമാനം പലിശയാണു പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
ഐ.ഡി.ബി.ഐ അമൃത് മഹോത്സവ് എഫ്ഡി (IDBI Amrit Mahotsav FD)
ഐ.ഡി.ബി.ഐ ബാങ്കിന്റെ 375 ദിവസത്തെ അമൃത് മഹോത്സവ് എഫ്ഡി സ്‌കീമിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും സെപ്റ്റംബർ പ്രധാനമാണ്. ജനറൽ, എൻആർഇ, എൻആർഒ നിക്ഷേപകർക്ക് 7.10% പലിശയും, മുതിർന്ന പൗരന്മാർക്ക് 7.60% പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 444 ദിവസത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.15% പലിശയും മുതിർന്ന പൗരന്മാർക്ക് 7.65% പലിശയും കിട്ടും.
Short news kannur
ആക്‌സിസ് ബാങ്ക് മാഗ്‌നസ് ക്രെഡിറ്റ് കാർഡ് (Axis Bank Magnus Credit Card Rule Changes)
ആക്‌സിസ് ബാങ്കിന്റെ മാഗ്‌നസ് ക്രെഡിറ്റ് കാർഡ് നിബന്ധനകൾ മാറുകയാണ്. സെപ്റ്റംബർ 1 മുതൽ നിയമങ്ങൾ മാറും. നിർദ്ദിഷ്ട ഇടപാടുകൾക്ക് ഇനി മുതൽ EDGE അവാർഡുകൾക്കോ വാർഷിക ഫീസ് ഇളവുകൾക്കോ അർഹതയുണ്ടായിരിക്കില്ല.
2023 സെപ്റ്റംബർ 1 മുതൽ 1,50,000 രൂപ വരെയുള്ള മൊത്തം പ്രതിമാസ ചെലവിൽ ചെലവഴിക്കുന്ന ഓരോ 200 രൂപക്കും 12 EDGE റിവാർഡ് പോയിന്റുകൾ ലഭിക്കും. പുതിയ കാർഡ് ഉടമകൾക്കുള്ള വാർഷിക ചാർജ് 12,500 രൂപയും ജി.എസ്ടിയും ആയിരിക്കും. നിലവിലെ ഉപയോക്താക്കളുടെ വാർഷിക നിരക്ക് 10,000 രൂപയും ജി.എസ്ടിയുമായി തുടരും.