മട്ടന്നൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് ചാവശ്ശേരിയിൽ പുതിയ സ്റ്റേഷൻ; നടപടികൾ പുരോഗമിക്കുന്നു

മട്ടന്നൂർ : മട്ടന്നൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് ചാവശ്ശേരിയിൽ പുതിയ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിനായി മട്ടന്നൂർ പോലീസിന്റെ നേതൃത്വത്തിൽ ചാവശ്ശേരിയിൽ പോലീസ് സ്റ്റേഷന് യോജിച്ച കെട്ടിടങ്ങൾ പരിശോധിച്ചിരുന്നു. അനുയോജ്യമായ ഏതാനും കെട്ടിടങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകി. പോലീസുകാർക്ക് താമസിക്കാനായി ക്വാർട്ടേഴ്‌സ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ചാവശ്ശേരി വില്ലേജിൽ ഉൾപ്പെടുന്ന ഇരിട്ടി നഗരസഭയിലെ 18 വാർഡുകളും എയർപോർട്ട് സ്റ്റേഷൻ പരിധിയിൽ കീഴല്ലൂർ പഞ്ചായത്തിലെ ഭാഗങ്ങളും ചേർത്ത് സ്റ്റേഷൻ വിഭജനം നടത്തണമെന്ന നിർദേശമാണ് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലുള്ളത്. ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ പരിധിയാക്കിയാക്കി ആയിരിക്കും ചാവശ്ശേരിയിൽ പുതിയ സ്റ്റേഷൻ വരുന്നന്നത്.
ആദ്യം താത്‌കാലിക കെട്ടിടത്തിൽ ആരംഭിക്കുന്ന സ്റ്റേഷൻ പ്രവർത്തനം പിന്നീട് സ്വന്തം കെട്ടിടം നിർമിച്ച് അവിടേക്ക് മാറാനാണ് ഉദ്ദേശിക്കുന്നത്.പോലീസ് സ്റ്റേഷനുവേണ്ടി ചാവശ്ശേരിയിലുള്ള റവന്യൂവകുപ്പിന്റെ സ്ഥലം വിട്ടുകിട്ടുന്നതിനും ശ്രമം നടത്തിയിരുന്നു. നിലവിൽ ജില്ലയിൽ ഏറ്റവുമധികം സ്ഥലങ്ങൾ ഉൾക്കൊള്ളുന്നപോലീസ് സ്റ്റേഷനാണ് മട്ടന്നൂർ.
ഇതിന് അനുസരിച്ച ആൾബലം ഇല്ലാത്തതും ജോലിഭാരം കൂടുതലുള്ളതും കണക്കിലെടുത്താണ് സ്റ്റേഷൻ വിഭജിക്കുന്നത്.മട്ടന്നൂർ സ്റ്റേഷന്റെ പരിധി :മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകൾ, ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ എന്നിവയാണ് മട്ടന്നൂർ സ്റ്റേഷന് കീഴിൽ വരുന്നത്.
മട്ടന്നൂർ സ്റ്റേഷനിൽ കൂടുതൽ നിയമനങ്ങൾ വേണമെന്ന് വർഷങ്ങൾക്ക് മുൻപുതന്നെ വകുപ്പുതല നിർദേശമുണ്ടായിരുന്നെങ്കിലും വേണ്ടത്ര നിയമനങ്ങളായിട്ടില്ല. വിമാത്താവളം വന്നതോടെ വാഹനത്തിരക്കും ക്രമാതീതമായി വർധിച്ചു. ഇത് കണക്കിലെടുത്ത് മട്ടന്നൂരിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യവും സർക്കാരിന് മുന്നിലുലുണ്ട്.