പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ആയിരം രൂപ കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍

ചക്കരക്കല്‍(കണ്ണൂര്‍): പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി. ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. ഉമര്‍ ഫാറൂഖാണ് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ചക്കരക്കല്ല് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് വെരിഫിക്കേഷന്‍ നടത്താന്‍ ഉമര്‍ ഫാറൂഖിനെ ഏല്‍പ്പിച്ചു. പരാതിക്കാരന്‍ ഉമര്‍ ഫാറൂഖിനെ സമീപിച്ചപ്പോള്‍ കൈക്കൂലിയായി 1,000 രൂപ ആവശ്യപ്പെട്ടു.
പരാതിക്കാരന്‍ ഈ വിവരം കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിനെ അറിയിച്ചു. രാസവസ്തുപുരട്ടിയ രണ്ട് 500 രൂപ നോട്ടുകള്‍ വിജിലന്‍സ് പരാതിക്കാരന് നല്‍കി. പരാതിക്കാരനില്‍നിന്ന് ഞായറാഴ്ച ഉച്ചക്ക് കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ഉമര്‍ ഫറൂഖിനെ കൈയോടെ പിടിച്ചു.
വിജിലന്‍സ് സംഘത്തില്‍ ഡിവൈ.എസ്.പി.ക്കൊപ്പം ഇന്‍സ്‌പെക്ടര്‍മാരായ അജിത് കുമാര്‍, വിനോദ്, പി.ആര്‍. മനോജ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ രാധാകൃഷ്ണന്‍, പ്രവീണ്‍, ബാബു, നിജേഷ്, സി.പി.ഒ. സുകേഷ് എന്നിവരുമുണ്ടായിരുന്നു.