കുറ്റിക്കോൽ 110 കെ വി സബ്സ്റ്റേഷൻ മാർച്ചിൽ പൂർത്തിയാകും

കുറ്റിക്കോൽ : മലയോര മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി വലിയപാറയിൽ നിർമിക്കുന്ന കുറ്റിക്കോൽ 110 കെ വി സബ്സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നു. അടുത്ത മാർച്ചിൽ നിർമാണം പൂർത്തിയാകും.
28 കോടി രൂപ ചിലവിലാണ് നിർമാണം.
പാട്ടത്തിനെടുത്ത ഒന്നര ഏക്കറിൽ എർത്ത് മാറ്റ് നിർമാണപ്രവൃത്തി ഭൂരിഭാഗവും കഴിഞ്ഞു. കൺട്രോൾ റൂം നിർമാണം നടക്കുന്നു. പെരിയാട്ടടുക്കത്തു നിന്നും വലിയപാറ വരെ 11.2 കിലോമീറ്റർ ഡബിൾ സർക്യൂട്ട് ലൈൻ വലിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയായി.
കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലായി 20, 000 ഉപഭോക്താക്കളുണ്ട്. ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവർ. വേനലിൽ ജലസേചനം നടത്താൻ രൂക്ഷമായ വോൾട്ടേജ് ക്ഷാമം പ്രതിസന്ധിയായിരുന്നു. മൈലാട്ടി സബ്സ്റ്റേഷനിൽ നിന്നും മുള്ളേരിയ സബ്സ്റ്റേഷനിൽ നിന്നുമാണ് ഇപ്പോൾ വൈദ്യുതി വിതരണം.
ഈ പ്രദേശങ്ങളിലുണ്ടാകുന്ന ചെറിയ തടസം മലയോരത്ത് വൈദ്യുതി മുടങ്ങാൻ കാരണമാകുന്നു. ഇവ പരിഹരിക്കാൻ 110 കെവി സബ്-സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം മുൻ എം.എൽ.എ കെ. കുഞ്ഞിരാമനാണ് വൈദ്യുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.