വരൾച്ചാ സാധ്യത: പഴശ്ശിയിൽ ഷട്ടർ അടച്ച് കുടിവെള്ളം സംഭരിക്കുന്നു

ഇരിട്ടി : കാലവർഷം ഒളിച്ചു കളിക്കുമ്പോൾ നാളേക്കുള്ള കുടിവെള്ളം സംഭരിക്കാൻ പഴശ്ശി പദ്ധതി മുന്നൊരുക്കം തുടങ്ങി. ചരിത്രത്തിൽ ആദ്യമായി കർക്കടകത്തിൽ ഷട്ടർ അടച്ച് സംഭരണിയിൽ വെള്ളം സംഭരിച്ച് തുടങ്ങി.
പദ്ധതി പൂർണ സംഭരണശേഷിയുടെ (എഫ് ആർ എൽ) അടുത്തെത്തി. 25.05 മീറ്റർ വെള്ളമാണ് പദ്ധതിയിൽ ഉള്ളത്. 26.52 മീറ്ററാണ് പൂർണ സംഭരണ ശേഷി. മഴയുടെ തോതും സംഭരണയിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവും കണക്കാക്കി ഇതേ നിലയിൽ നിലനിർത്താനാണ് തീരുമാനം.
ജില്ലയുടെ മൂന്നിൽ രണ്ട് ഭാഗത്തും മാഹിയിലും കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്. മുൻ കാലങ്ങളിൽ കുടിവെള്ളത്തിനും കനാൽ വഴി കൃഷി ആവശ്യത്തിനും വേണ്ടി സംഭരണിയുടെ ഷട്ടർ അടച്ച് വെള്ളം സംഭരിക്കുന്നത് നവംബർ, ഡിസംബർ ആദ്യ വാരങ്ങളിൽ ആയിരുന്നു. ഇക്കുറി ശരാശരി ലഭിക്കേണ്ട മഴയുടെ അളവിൽ വൻ കുറവ് ഉണ്ടായതോടെ ആണ് നേരത്തേ സംഭരണം തുടങ്ങിയത്.