പേരാവൂർ (മണത്തണ) വില്ലേജ് ഓഫീസ് ഉദ്ഘാടനം സെപ്തംബർ നാലിന്

പേരാവൂർ : മണത്തണ വില്ലേജ് ഓഫീസ് ഉദ്ഘാടനം സെപ്റ്റംബർ നാലിന് നടക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിക്കുന്നതിനുള്ള യോഗം വില്ലേജ് ഓഫീസിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത, ഭൂരേഖ തഹസീൽദാർ എം. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, മണത്തണ വില്ലേജ് ഓഫീസർ റോയ് ചാക്കോ എന്നിവർ സംബന്ധിച്ചു.
സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ എന്നിവരെ രക്ഷാധികാരികളാക്കിയും പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ചെയർമാനായും മണത്തണ വില്ലേജ് ഓഫീസർ കൺവീനറായും സംഘാടകസമിതി രൂപവത്കരിച്ചു.
ഉദ്ഘാടനത്തിന് മുന്നേ വില്ലേജ് ഓഫീസിന് താത്ക്കാലിക മതിൽ നിർമ്മിക്കുന്നതിനും മുറ്റം വൃത്തിയാക്കുന്നതിനും ഉദ്ഘാടന ചടങ്ങുകളുടെ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുന്നതിനും സംഘാടകസമിതിയെ യോഗം ചുമതലപ്പെടുത്തി. സംഘാടക സമിതിയുടെ വിപുലമായ യോഗം ബുധനാഴ്ച നടക്കും.