പെടപെടക്കണ മീനെത്തും ‘അന്തിപ്പച്ച’യിൽ

Share our post

കണ്ണൂർ : ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കാൻ ഫിഷറീസ് വകുപ്പിന്റെ ‘അന്തിപ്പച്ച’ മൊബൈൽ ഫിഷ് മാർട്ട് അഴീക്കോട് മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ചു. കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽനിന്നാണ് അന്തിപ്പച്ചയ്ക്കുള്ള മത്സ്യം സംഭരിക്കുന്നത്. അതത് ദിവസത്തെ മത്സ്യം വൃത്തിയോടെ സംഭരിച്ചാണ് വിൽപ്പന. വാഹനത്തിൽ മത്സ്യം കേടാകാതിരിക്കാൻ ശീതീകരണ സംവിധാനം ഉണ്ടാകും.

മുഴുവനായ മത്സ്യം, പാചകത്തിന് തയ്യാറാക്കിയ റെഡി ടു കുക്ക് മത്സ്യം, മറ്റ് മത്സ്യ ഉൽപ്പന്നങ്ങൾ എന്നിവ ന്യായവിലയിൽ ലഭിക്കും. ചാള, അയല, നത്തോലി, നെയ്മീൻ, ചൂര, വാള, ആവോലി, ഞണ്ട്, കക്ക, കൊഞ്ച് എന്നിവ അതത് ദിവസത്തെ ലഭ്യതക്കനുസരിച്ച് എത്തിക്കും. അമോണിയ, ഫോർമാലിൻ, മറ്റു രാസവസ്തുക്കൾ ചേർക്കാത്ത ഗുണനിലവാരമുള്ള പച്ചമത്സ്യങ്ങളും ഉണക്കമത്സ്യങ്ങളും മൂല്യ വർധിത ഉൽപ്പന്നങ്ങളും ലഭിക്കുമെന്നതാണ് ഇതിന്റെ മേന്മ. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കഴുകി വൃത്തിയാക്കി മുറിച്ചും നൽകും. ഓൺലൈനായോ നേരിട്ടോ പണം നൽകാം. അടുത്ത ഘട്ടത്തിൽ ഓൺലൈനായി മീൻ ഓർഡർ ചെയ്യാനാകും.

പള്ളിക്കുന്ന് ഇടച്ചേരിയിൽ നടന്ന ചടങ്ങിൽ ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ആർ അനിൽകുമാർ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. കൗൺസിലർ ടി. രവീന്ദ്രൻ, ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് തയ്യിൽ, മത്സ്യഫെഡ് മാനേജർ വി. രജിത, മത്സ്യഫെഡ് പ്രോൺഹാച്ചറി മാനേജർ കെ.എച്ച്. ഷെരീഫ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹനീഷ് കെ. വാണിയങ്കണ്ടി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!