കെ.എസ്.ആർ.ടി.സിയുടെ പുതിയ 60 ഇലക്ട്രിക്ക് റെഡ് ബസ്സുകൾ ശനിയാഴ്ച മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: സ്മാർട്ടി സിറ്റിയുടെ ധനസഹായത്തോടു കൂടി കെ.എസ്.ആർ.ടി.സി വാങ്ങിയ 113 ഇലക്ട്രിക്ക് റെഡ് ബസ്സുകളിൽ ആദ്യത്തെ 60 എണ്ണം നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത് നഗരത്തിൽ സർവീസ് ആരംഭിക്കും. ഉച്ചക്ക് മൂന്നിന് ചാല സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, എം.ബി രാജേഷ് എന്നിവർ പങ്കെടുക്കും.
ഈ സർവീസുകൾക്കുള്ള റൂട്ടുകൾ അന്തിമമാക്കിയിട്ടുണ്ട്. നാളത്തെ മെട്രോ മനേരമയിൽ റൂട്ടുകൾ പ്രസിദ്ധീകരിക്കും. റൂട്ടുകളെ കുറിച്ച് യാത്രക്കാരുടെ അഭിപ്രായം തേടിയ ശേഷം ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് റൂട്ടുകൾ അന്തിമാക്കിയത്. മൂന്ന് മാസം പരീക്ഷണ സർവീസ് നടത്തിയ ശേഷം ആവശ്യമായ ഭേദഗതി വരുത്തും. ഇതിൽ പോരായ്മ ഉണ്ടെങ്കിൽ അടുത്ത ഘട്ടത്തിൽ വരുന്ന 53 ബസ്സുകൾ കൂടുതൽ സ്ഥലങ്ങൾ കവർ ചെയ്യും. എട്ട് സർക്കുലർ സർവ്വീസുകളും, 17 പോയിന്റ് ടു പോയിന്റ് സർവീസുകളുമാണ് ആദ്യഘടത്തിൽ നടത്തുക.
പോയിന്റ് ടു പോയിന്റ് സർവീസുകളിൽ ഫെയർ സ്റ്റേജുകൾ 3 മാസത്തിന് ശേഷം മാത്രമേ നടപ്പാക്കുക ഉള്ളൂ. അത് വരെ ആ സർവീസുകളിൽ 10 രൂപക്ക് യാത്ര ചെയ്യാം. തലസ്ഥാനത്തെ ഓണത്തിരക്ക് പ്രമാണിച്ച് 27 മുതൽ സെപ്റ്റംബർ മൂന്ന് വരെ രാത്രി 12 മണി വരെ റെഡ് ബസ്സുകൾ സർവീസ് നടത്തും. തിരുവനന്തപുരത്തിന്റെ സമീപ പ്രദേശങ്ങളിലേക്ക് റെഡ് ബസ്സുകളുമായി ബന്ധപ്പെടുത്തി കണക്ഷൻ സർവീസുകളും ഉണ്ടായിരിക്കും.
മെട്രോ മനോരമയുടെ കൂപ്പൺ കൊണ്ട് വരുന്ന യാത്രക്കാർക്ക് ഓണാഘോഷം നടക്കുന്ന ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ മൂന്നു വരെ 30 രൂപയുടെ ടുഡേ ടിക്കറ്റ് ലഭ്യമാക്കുകയും അത് ഉപയോഗിച്ച് സൗജന്യ യാത്ര എല്ലാ റെഡ് ബസുകളിലും നടത്താം.