ഫാം ടൂറിസം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേരളം; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉടന്‍

Share our post

കേരളത്തിലെ ഫാം ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൃഷിക്കൊപ്പം കളമശേരി കാര്‍ഷികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമഗ്ര സംയോജിത സുസ്ഥിര കൃഷിയും ടൂറിസവും എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള അഗ്രി ടൂറിസം നെറ്റ് വര്‍ക്ക് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സംസ്ഥാനതല ലോഞ്ചിംഗ് ഈ മാസം സംഘടിപ്പിക്കും.

ടൂറിസവും കൃഷിയും ഒരുമിച്ചു കൊണ്ടു പോകുന്ന പുരോഗമനപരമായ പ്രവണത ലോകത്ത് പലയിടത്തും കാണാം. കൃഷിയും ടൂറിസവും പരസ്പര ബന്ധിതമായ മേഖലകളാണ്. കാഴ്ച ഭംഗി എന്നതിനപ്പുറം അനുഭവവേദ്യ ടൂറിസത്തിന്റെ കാലമാണിത്. ഇതിന് വലിയ സാധ്യതയുള്ളതാണ്.

അനുഭവവേദ്യ ടൂറിസത്തിന് പുതിയ തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാം ടൂറിസത്തിന് രൂപം നല്‍കിയിട്ടുള്ളത്. ഉത്തരവാദിത്ത ടൂറിസം മിഷനാണ് ഇതു നടപ്പാക്കുന്നത്. പുരയിടത്തിലെ കൃഷി, ഫാം വിസിറ്റ് യൂണിറ്റുകള്‍, ഫാം ആക്ടിവിറ്റി സെന്ററുകള്‍, ഫാം സ്റ്റേകള്‍, ഫാം ടൂറിസം സെന്റര്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി പദ്ധതി പുരോഗമിക്കുന്നു. 102 യൂണിറ്റുകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

കാര്‍ഷികവൃത്തി തടസപ്പെടുത്താതെയുള്ള വിനോദ സഞ്ചാരം വിജയകരമായി മുന്നേറുകയാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയും ശക്തിപ്പെടുകയാണ്. ജനങ്ങളും ടൂറിസവും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന ജനകീയ ടൂറിസമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അത്തിപ്പുഴ ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. എത്രയും വേഗം പദ്ധതി നടപ്പാക്കണം. ഇതിനായി പ്രാരംഭ ഫണ്ട് മാറ്റി വെക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും വിദേശ സഞ്ചാരികളെയടക്കം ആകര്‍ഷിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 2022 ല്‍ സര്‍വകാല റെക്കോഡാണുണ്ടായത്. 2023 ല്‍ ഈ റെക്കോഡ് മറികടക്കും.

അത്തിപ്പുഴ എക്കോ വില്ലേജ് ടൂറിസം പദ്ധതിയുടെ അവതരണം ഊരാളുങ്കല്‍ സൊസൈറ്റി ആര്‍ക്കിടെക്ട് ജോണ്‍ പി. ജോണ്‍ നിര്‍വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി ഫോര്‍ ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ.പി. പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സിജിഎച്ച് എര്‍ത്ത് ചെയര്‍മാന്‍ ജോസ് ഡൊമിനിക് മുഖ്യാതിഥിയായി. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സി ഇ ഒ രൂപേഷ് കുമാര്‍, നീറിക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിസന്റ് എം.കെ. ബാബു, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ശശികല, കൃഷി വിജ്ഞാന്‍ കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് പി.എ. വികാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!