ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ പങ്കാളിയായി കണ്ണുരുകാരനും : മലയോരത്തിന് അഭിമാനമായി ആശിഷ് ടോമി
കണ്ണൂർ: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചന്ദ്രയാൻ വിക്ഷേപണം വിജയകരമായത് കണ്ണൂർ ജില്ലയ്ക്കും അഭിമാനമായി. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ആലക്കോട് സ്വദേശിയായ യുവ സയന്റിസ്റ്റ് എഞ്ചിനീയറാണ് കണ്ണൂർ ജില്ലയ്ക്ക് അഭിമാനമായി ചരിത്ര ദൗത്യത്തിൽ പങ്കാളിയായത്. വെള്ളാട് ആശാൻകവലയിലെ കീമറ്റത്തിൽ ആശിഷ് ടോമിയാണ് കണ്ണൂർ ജില്ലയുടെ യശസ് വാനിലേക്ക് ഉയർത്തി ചരിത്ര ദൗത്യത്തിൽ പങ്കാളിയായത്.
തിരുവനന്തപുരം വലിയമലയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സയന്റിസ്റ്റ് എഞ്ചിനീയറാണ് ഈ 27കാരൻ. ചന്ദ്രയാൻ -3നെ ബഹിരാകാശത്തിലെ
ത്തിച്ച് റോക്കറ്റായ വി.എസ്.എൽ.വി.എം – 3യുടെ രൂപകൽപ്പനയിൽ മെക്കാനിക്കൽ എഞ്ചിനീയർ എന്ന നിലയിൽ പ്രധാന പങ്ക് വഹിച്ചാണ് ആശിഷ് ഐ.എസ്. ആർ.ഒയുടെ ചരിത്ര ദൗത്യത്തിൽ പങ്കാളിയായത്.
നാല് വർഷമായി ഐ.എസ്.ആർ.ഒയുടെ ഭാഗമായി വിക്രം സാരാഭായ് സ്പേസ് സെന്ററിൽ പ്രവർത്തിച്ചു വരികയാണ്. ആശാൻകവലയിലെ കീമറ്റത്തില്‍ ടോമിയുടെയും ഡെയ്സിയുടെയും മകനാണ്. പ്രാഥമിക വിദ്യാഭ്യാസം മുതൽ പ്ലസ്ടു വരെ കരുവൻചാൽ ലിറ്റൽ ഫ്ളവർ സ്കൂളിലാണ് ആശിഷ് പഠിച്ചത്. സഹോദരങ്ങൾ: ആദർശ് (ചെന്നൈ), ജീവമരിയ (എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി,കോതമംഗലം).