കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

കണ്ണൂർ : സ്വകാര്യ ബസ് ജീവനക്കാർക്ക് 2022 ഒക്ടോബറിലും 2023 ഏപ്രിലിലും ലഭിക്കേണ്ട രണ്ട് ഗഡു ഡിഎ വർധന അനുവദിക്കണമെന്നും എല്ലാ ബസ്സിലും ക്ലീനർമാരെ വേണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭത്തിന്. തൊഴിൽ വകുപ്പ് അധികൃതർ ഇതുസംബന്ധിച്ച് നിരവധി തവണ അനുരഞ്ജന യോഗം വിളിച്ചെങ്കിലും ഉടമകളുടെയും അസോസിയേഷന്റെയും ഭാഗത്തുനിന്ന് നിഷേധാത്മക നിലപാട് കാരണം പ്രശ്‌നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ സമരത്തിന് ഒരുങ്ങുന്നത്. സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്ത യോഗത്തിൽ വി.വി. ശശീന്ദ്രൻ അധ്യക്ഷനായി. വി.വി. പുരുഷോത്തമൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. മോഹനൻ, സി.എച്ച്. ലക്ഷ്മണൻ, താവം ബാലകൃഷ്ണൻ, എൻ പ്രസാദ്, ആലിക്കുഞ്ഞി പന്നിയൂർ, ജോതിർ മനോജ് എന്നിവർ സംസാരിച്ചു.