പാഴ്തുണികൾ വെറുതെ കളയണ്ട; തുണിസഞ്ചികൾ ഉണ്ടാക്കി നൽകാം

കുറ്റിയാറ്റൂർ: വീട്ടിലെ പഴയ തുണികളും തയ്യൽ കഴിഞ്ഞ് ബാക്കി വന്ന തുണികളും പാഴാക്കി കളയണ്ട. പാഴ്ത്തുണികൾ കൊണ്ട് സഞ്ചികൾ തയ്ച്ചു നൽകിയാൽ വാങ്ങാൻ കുറ്റിയാറ്റൂർ പഞ്ചായത്ത് തയ്യാർ.
കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചിത്വം സുന്ദരം എന്റെ കുറ്റിയാട്ടൂർ ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെ പാഴ്തുണികൾ കൊണ്ട് ഉണ്ടാക്കിയ സഞ്ചികൾ വിൽപന നടത്തുന്നത്. സമ്പൂർണ പ്ലാസ്റ്റിക് മുക്ത പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തയ്യിച്ചു കൊടുത്താൻ ഒരു സഞ്ചിക്ക് നാല് രൂപ നൽകും. 40 സെന്റിമീറ്റർ നീളത്തിലും 30 സെന്റിമീറ്റർ വീതിയിലും ഡബിൾ സ്റ്റിച്ച് ചെയ്താണ് സഞ്ചികൾ നൽകേണ്ടത്. ഇങ്ങനെ നൽകുന്ന സഞ്ചികൾ വ്യാപാര സ്ഥാപനങ്ങൾക്കും ആവശ്യക്കാരായ മറ്റ് സ്ഥാപനങ്ങൾക്കും പഞ്ചായത്ത് നാല് രൂപ നിരക്കിൽ എത്തിച്ച് നൽകും.
നിലവിൽ കുറ്റിയാട്ടൂർ പഞ്ചായത്ത് പരിസരത്തുള്ള കടകൾ ചട്ടുകപ്പാറയിലുള്ള കടകൾ ഹോട്ടലുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളിലും സഞ്ചികൾ വിതരണം ചെയ്യുന്നുണ്ട്. പ്രധാനമായും കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് തുണി സഞ്ചികൾ നിർമിച്ച് പഞ്ചായത്തിൽ എത്തിച്ച് വിതരണം ചെയ്യുന്നത്.
ഒരു വർഷമായി ഈ പ്രവർത്തനം പഞ്ചായത്തിൽ നടത്തുന്നുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ച് നാടിനെ ശുചിത്വപൂർവ്വമായ ഇടമാക്കി മാറ്റുന്നതിനോടൊപ്പം സാധാരണക്കാരായ ജനങ്ങൾക്ക് അനായാസം വരുമാന മാർഗ്ഗം കൂടി കണ്ടെത്തി നൽകുകയാണ് കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്.