പേരാവൂർ നിയോജക മണ്ഡലത്തിൽ 24 റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ടെൻഡറായി

പേരാവൂർ : പേരാവൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മണ്ഡലത്തിലെ തകർന്ന 24 റോഡുകളുടെ അറ്റകുറ്റ പ്രവൃത്തിക്കായി ടെൻഡർ ചെയ്തതായി യോഗത്തിൽ പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
നാലു പാക്കേജുകളിലയി നാലുകോടി രൂപ ഇതിനായി നേരത്തെ അനുവദിച്ചിരുന്നു. മൂന്നുകോടി രൂപ ചെലവിൽ നവീകരിക്കുന്ന വിളക്കോട് -അയ്യപ്പൻക്കാവ് റോഡിന്റെയും 3.85 കോടി രൂപ ചെലവിൽ നവീകരിക്കുന്ന എടത്തൊട്ടി-പെരുമ്പുന്ന റോഡിന്റെയും പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
അടുത്തുതന്നെ സാങ്കേതികാനുമതിയും ലഭ്യമായാൽ പ്രവൃത്തി തുടങ്ങും. 3.2 കോടിരൂപ ചെലവിൽ പ്രവൃത്തി നടത്തുന്ന തെറ്റുവഴി-മണത്തണ റോഡ് കരാർഘട്ടം കഴിഞ്ഞു.
ഇരിട്ടി-പേരാവൂർ റോഡിന്റെ താത്‌കാലിക അറ്റകുറ്റപ്പണി കുറച്ച് ഭാഗം മാത്രമേ ചെയ്യാൻ കഴിഞ്ഞുള്ളുവെന്നും മഴ അൽപ്പം മാറുന്ന മുറക്ക് പ്രവൃത്തി പൂർത്തിയാക്കുമെന്നും യോഗത്തിൽ അറിയിച്ചു.
ഇരിട്ടി റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനിയർമാരായ ഷാജി തയ്യിൽ (കെട്ടിടവിഭാഗം), ജിഷകുമാരി (കെ.എസ്.ടി.പി.), അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർമാരായ പി. സജിത്ത് (കെ.ആർ.എഫ്.ബി.), ഷീല (റോഡ്‌സ് വിഭാഗം), അസി. എൻജിനിയർമാരായ പി. സനില, കെ.പി. പ്രദീപൻ, പി.എം. ധന്യ, ഓവർസിയർമാരായ അൻജു രാജൻ, പി. സറീന, പി.പി. രമ്യ എന്നിവർ പങ്കെടുത്തു.