വിവാഹ പൂർവ കൗൺസലിങ്‌ നിർബന്ധമാക്കണം: വനിതാകമ്മീഷൻ

Share our post

കണ്ണൂർ: വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്‌തതായി കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിവാഹപൂർവ കൗൺസലിങിന്‌ വിധേയമായതിന്റെ സർട്ടിഫിക്കറ്റുകൾ കൂടി വിവാഹ രജിസ്ട്രേഷൻ സമയത്ത് പരിഗണിക്കണമെന്ന് കമീഷൻ നിർദേശിച്ചതായും സതീദേവി പറഞ്ഞു. ജില്ലാപഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാകമീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.

കമീഷൻ സിറ്റിങിലും ഹെഡ് ഓഫീസിലും എറണാകുളം റിജിയണൽ ഓഫീസിലും കൗൺസലിംഗ് സൗകര്യങ്ങളുണ്ട്. വനിത- ശിശുവികസന വകുപ്പ് കൗൺസലർമാരുടെ സേവനവും പ്രയോജനപ്പെടുത്താം. അദാലത്തിൽ പരിഗണിച്ച പരാതികളിൽ ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണ് ഏറെയും.

പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ വൈകുന്ന കേസുകളുമുണ്ട്‌. ജാഗ്രതാ സമിതി ശക്തിപ്പെടുത്താൻ ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾ വഴി 144 പരിശീലന പരിപാടികൾ നൽകും. മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ ജാഗ്രതാ സമിതികൾക്ക് 50,000 രൂപ പുരസ്‌കാരം നൽകും.

56 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഒമ്പത് പരാതികൾ തീർപ്പാക്കി. ഏഴ് പരാതികളിൽ പോലീസിനോട് റിപ്പോർട്ട് തേടി. ഒരു പരാതി ജാഗ്രതാ സമിതിയുടെ പരിഗണനയ്ക്കായി മാറ്റി. 39 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.

വനിത കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, പാനൽ അഭിഭാഷകരായ അഡ്വ. പ്രമീള, അഡ്വ. ചിത്തിര ശശിധരൻ, കൗൺസലർ മാനസ, വുമൺ പോലീസ് സെൽ ഉദ്യോഗസ്ഥർ, വനിത കമ്മിഷൻ ജീവനക്കാരായ വൈ .എസ് പ്രീത, വി. ഷീബ എന്നിവരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!