മക്കളെ വീടിനുള്ളിൽ പൂട്ടിയിട്ട് അക്രമം; യുവാവിനെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പിടികൂടി

തളിപ്പറമ്പ്: മക്കളെ വീടിനുള്ളിൽ അടച്ച് അക്രമാസക്തനായി വീട്ടുപകരണങ്ങൾ തല്ലി തകർത്ത യുവാവിനെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പിടികൂടി. പടപ്പേങ്ങാട് സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം അക്രമാസക്തനായത്.
ഇയാളുടെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നില്ല. 4,5 വയസ്സുള്ള കുട്ടികളെ വീടിനുള്ളിൽ അടച്ചിട്ട ശേഷം പാചക വാതക സിലിണ്ടർ തുറന്ന് വിടുകയും മുറികളിലെ ടൈൽസ് കുത്തിപ്പൊളിക്കുകയുമായിരുന്നു. ടിവി, ഫ്രിജ് തുടങ്ങിയ ഉപകരണങ്ങളും തകർത്തും.
രാത്രിയിലും പിറ്റേന്ന് പുലർച്ചെയും അക്രമം തുടർന്നതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ പാചക വാതക സിലിണ്ടർ തുറന്നുവിട്ട് കയ്യിൽ ലൈറ്റർ ഉയർത്തി പിടിച്ചും ഭീഷണിയുയർത്തി. തുടർന്ന് പൊലീസ് അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
അനുനയങ്ങൾക്ക് യുവാവ് വഴങ്ങാതായതോടെ പൊലീസ് വാതിൽ ബലമായി തുറന്ന് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി നിർദേശത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.