വിവിധ വിളകളാൽ സമ്പന്നം ഈ ‘ചെറുവനം’

പയ്യന്നൂർ : വീട്ടിലേക്കുള്ള വഴിയുടെ ഇരുവശത്തും കവുങ്ങിൽ പടർന്ന കുരുമുളക് വള്ളികൾ, വാഴകൾ, മഞ്ഞൾ, തെങ്ങ്, വീടിനോട് ചേർന്നുള്ള കൂട്ടിൽ അലങ്കാര പക്ഷികളുടെ കലപില ശബ്ദം, മുറ്റത്ത് നാടൻ കോഴികൾ. കരിവെള്ളൂർ– പെരളം പഞ്ചായത്തിലെ കുടുവകുളങ്ങരയിൽ ടി. കൃഷ്‌ണ പൊതുവാളിന്റെ വീട്ടുവളപ്പിൽ കാർഷിക കാഴ്‌ചകൾ പലതാണ്.
കുഞ്ഞമ്പു നായരുടെയും തളിയിൽ മാണിയമ്മയുടെയും മകനായ കൃഷ്‌ണ പൊതുവാൾ ചെറുപ്പംമുതൽ അച്ഛനോടൊപ്പം കാർഷിക ജോലി ചെയ്‌തു തുടങ്ങി. ചെങ്കൽ മേഖലയിൽ ജോലി ചെയ്യുന്നതിനിടയിലും കൃഷിയെ കൈവിട്ടില്ല. നെല്ല്, വാഴ, കവുങ്ങ്, കശുമാവ്, കുരുമുളക്, മഞ്ഞൾ, ചേന, റബർ, പച്ചക്കറികൾ എന്നിവയെല്ലാം കൃഷി ചെയ്യുന്നു.
പശുക്കൾ കുറെ ഉണ്ടായിരുന്നെങ്കിലും പരിപാലനം പ്രശ്‌നമായതിനാൽ ഇപ്പോൾ ഒന്നുമാത്രം. അതിരാവിലെ എഴുന്നേറ്റ് കൃഷിപ്പണി തുടങ്ങും. കാലാവസ്ഥ വ്യതിയാനം കാരണം ഇത്തവണ നെൽകൃഷി ചെയ്യാനായില്ല. ഒരേക്കർ വയലിലായിരുന്നു നെൽകൃഷി ചെയ്‌തിരുന്നത്. നെല്ല് കൊയ്‌തെടുത്തു കഴിഞ്ഞാൽ വയലിൽ പച്ചക്കറി കൃഷിയിറക്കും. കഴിഞ്ഞ വർഷം 70 കിലോയോളം മഞ്ഞൾ ഉണക്കി വിൽപ്പന നടത്തി. കവുങ്ങും തെങ്ങും കൃഷി ചെയ്യുന്നുണ്ട്. മണ്ണറിഞ്ഞ് വിത്തിട്ടാൽ പൊന്നു വിളയിക്കാൻ കഴിയുമെന്നാണ് എഴുപത്തിയാറുകാരനായ കൃഷ്‌ണ പൊതുവാളിന്റെ അഭിപ്രായം. കാട്ടുപന്നി ശല്യം കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്.
ഭാര്യ ജാനകിയും നല്ലൊരു കർഷകയാണ്. സി.പി.എം കണിയാൻകുന്ന് ബ്രാഞ്ചംഗവും കർഷകസംഘം പെരളം നോർത്ത് വില്ലേജ് പ്രസിഡന്റുമാണ് കൃഷ്‌ണ പൊതുവാൾ.