ശരീരത്തിൽ നേരിയ ചൂട്. ഇരുട്ടി വെളുക്കുമ്പോഴേക്കും തൊട്ടാൽ പൊള്ളും. പനിയുടെ ഈ ലക്ഷണങ്ങളും തിരിച്ചറിയലുമൊന്നും ഇന്നില്ല. ചിലർക്ക് വിറയൽ, മറ്റു ചിലർക്ക് ശരീരവേദന. ഛർദിയുള്ളവരുമുണ്ട്. ആസ്പത്രിയിലെത്തിയാലേ പനിയാണെന്ന് തിരിച്ചറിയാൻ കഴിയുന്നുള്ളൂ. കോവിഡിനു മുൻപും ശേഷവും എന്ന രീതിയിൽ പനിയെ വേർതിരിച്ചുപറയുന്നു ഡോക്ടർമാർ.
എളുപ്പം മാറുന്നില്ല; ശ്വാസതടസ്സമുണ്ടാകുന്നു
പനി പിടിപെട്ടാൽ അത് എളുപ്പം മാറുന്നില്ല. മുൻപൊക്കെ മരുന്ന് കഴിച്ചാൽ രണ്ടോ മൂന്നോ ദിവസം മതി. നാലാം ദിവസം ഉഷാറാകും. ഇപ്പോൾ മരുന്ന് കഴിച്ചാലും പനി മാറാൻ ഒന്നോ രണ്ടോ ആഴ്ചയെടുക്കുന്നു. ശരീരത്തിനു പുറത്ത് ചൂടില്ലാത്തതിനാൽ അത് തിരിച്ചറിയുന്നില്ലെന്നേയുള്ളൂ. ഉൾപ്പനി നല്ലതുപോലുണ്ടാകും. പനി മാറിയാലും അസുഖം പൂർണമായും വിട്ടകലുന്നില്ല. ശ്വാസതടസ്സമാണ് മറ്റൊരു പ്രശ്നം. പനി വന്ന് നാലോ അഞ്ചോ ദിവസം കഴിയുമ്പോഴേക്കും കഫക്കെട്ടും ശ്വാസ തടസ്സവുമുണ്ടാകുന്നു. ചുമയും വിട്ടൊഴിയുന്നില്ല.
ന്യുമോണിയ ഭീതി
ഇടവപ്പാതിയിലും കർക്കടകത്തിലുമൊന്നും കാര്യമായി മഴ പെയ്തില്ല. കാലാവസ്ഥാവ്യതിയാനവും മനുഷ്യന്റെ ശാരികാവസ്ഥയെ ബാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കുറച്ചു മഴയും കൂടുതൽ വെയിലുമാണിപ്പോൾ. ഈ സമയത്ത് വെയിൽ കൊള്ളുന്ന കുട്ടികൾക്ക് ഉറപ്പായും പനി പടരുന്നുണ്ടെന്ന് അധ്യാപകരും സക്ഷ്യപ്പെടുത്തുന്നു. കുട്ടികൾക്ക് പനിച്ചാൽ അധിക ദിവസം കഴിയുന്നതിനുമുൻപേ അതു ന്യുമോണിയയിലേക്ക് കടക്കുന്നു. ചെറിയ ക്ഷീണമുണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ വിടാതിരിക്കുന്നതാണ് നല്ലതെന്നതാണ് ഡോക്ടർമാർ പറയുന്നത്.
വിശ്രമമാണ് ഏറ്റവും നല്ല മരുന്ന്
ശരീരത്തിൽ ചൂട് മനസ്സിലാകാത്തതിനാൽ ജനങ്ങൾക്ക് കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നു. നേരിയ ക്ഷീണം അനുഭവപ്പെട്ടാൽ പോലും സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണിക്കുക. വിശ്രമമാണ് ഏറ്റവും നല്ല മരുന്നെന്നും ആരോഗ്യവകുപ്പ് ബോധവത്കരിക്കുന്നു. ധാരാളം വെള്ളം കുടിക്കുക. രുചിക്കുറവുണ്ടെങ്കിലും ഭക്ഷണം നന്നായി കഴിക്കുക.
20 ദിവസം പിന്നിട്ടപ്പോൾ 11,400 പേർക്ക്
ഈ വർഷം ഇതുവരെ കാസർഗോഡ് ജില്ലയിൽ 1,18,100 പേർക്ക് പനി പിടിപെട്ടു. ഈ മാസം 20 ദിവസം പിന്നിട്ടപ്പോൾ 11,400 പേർക്കാണ് പനിച്ചത്,. ഇക്കഴിഞ്ഞ ജൂണിൽ 17,462 പേർക്കും ജൂലായിയിൽ 14,699 പേർക്കും പനിച്ചു.
സർക്കാരിന്റെ ജില്ലയിലെ അലോപ്പതി ആസ്പത്രിയിൽ ചികിത്സ തേടിയവരുടെ കണക്ക് മാത്രമാണിത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആസ്പത്രികളിലെമെത്തുന്ന രോഗികളുടെ എണ്ണവും ക്ലിനിക്കുകളിൽ പരിശോധന തേടി മടങ്ങുന്നവരുടെ എണ്ണവും വേറെ.