പ്രവീണിന്‍റെ കാമറയിൽ നിറഞ്ഞ്​ ഓർമചിത്രങ്ങൾ

Share our post

പയ്യന്നൂർ:ജീവിതത്തിൽ കൊഴിഞ്ഞുപോയ സുന്ദര നിമിഷങ്ങളെ വീണ്ടും വീണ്ടും ഓർത്തെടുക്കാൻ സഹായിക്കുന്ന മനോഹരമായ ചിത്രങ്ങൾ സൂക്ഷിച്ചു വെക്കുന്ന ഒരു മലയാളിയായ ഒരു ഫോട്ടോഗ്രാഫറുണ്ട്​​ ഈ പ്രവാസ ലോകത്ത്​. കണ്ണൂർ പയ്യന്നൂർ പരവന്തട്ട സ്വദേശി പ്രവീൺ പാലക്കീൽ. പ്രവാസികളുടെ ഓരോ ചലനങ്ങളും തന്‍റെ കാമറക്കണ്ണിലൂടെ ഒപ്പിയെടുക്കുകയാണിദ്ദേഹം.

പ്രമുഖരായ എഴുത്തുകാർ, അഭിനേതാക്കൾ, സംഗീതജ്ഞർ, ഗായകർ, പ്രമുഖ ബിസിനസുകാർ അങ്ങനെ പ്രവാസ ലോകത്ത്​ വന്നുപോകുന്ന അനേകം മുഖങ്ങളെയാണ്​ ഇദ്ദേഹം പകർത്തിയെടുക്കുന്നത്​​. ​എഴുത്തുകാരിൽ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൽ മുഹമ്മദ് അൽ ഖാസിമി, എം. ടി വാസുദേവൻ നായർ, ടി. പത്മനാഭൻ, സക്കറിയ, പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി മുതൽ പുതുതലമുറയിലെ അഖിൽ കെ വരെയുള്ളവരുടെ ഫോട്ടോ പ്രവീണിന്‍റെ ശേഖരത്തിലുണ്ട്.

യേശുദാസ്, ചിത്ര, ജയചന്ദ്രൻ, വേണുഗോപാൽ. എം.ജി ശ്രീകുമാർ, ഉണ്ണിമേനോൻ തുടങ്ങി അഞ്ഞൂറോളം ഗായകരുടെ ചിത്രങ്ങളാണ്​ പ്രവീണിന്‍റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിയിരിക്കുന്നത്​. ഈ ചിത്രങ്ങൾ പ്രവീണിനെ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കാഡിൽ എത്തിക്കുകയും ചെയ്തു. ചെറുപ്പം മുതൽ ഫോട്ടോഗ്രഫിയോട്​ താൽപര്യമുള്ള പ്രവീണിന്​ വ്യോമസേനയിൽ ഫോട്ടോഗ്രാഫി സെക്ഷനില്‍ ജോലി ചെയ്തിരുന്ന പിതാവിൽ നിന്നാണ് പ്രഫഷനൽ ഫോട്ടോഗ്രാഫിയുടെ ബാലപഠങ്ങൾ.

നിയമ ബിരുദം നേടിയ പ്രവീൺ 2002ൽ​ പ്രവാസ ലോകത്ത്​ എത്തുന്നത്​. ആദ്യ കാലങ്ങളില്‍ നാട്ടുകൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ കൂട്ടായ്മയുമായി ബന്ധപ്പെട്ടാണ് ഫോട്ടോകള്‍ എടുത്തിരുന്നത്. 2006 മുതലാണ്‌ പ്രവീണ്‍ എസ്.എല്‍.ആര്‍ ക്യാമറയില്‍ ഫോട്ടോയെടുത്ത് തുടങ്ങിയത്. 2014 മുതലാണ് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ എത്തുന്നത്. നിരവധി പുസ്തകങ്ങളുടെ പുറം ചട്ടയിലും പ്രവീണ്‍ പകര്‍ത്തിയ ഫോട്ടോ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

ചാനൽ ഇനീഷേറ്റർ, ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ അറിയപ്പെടുന്നതോടൊപ്പം യു.എ.ഇ സാഹിത്യ സാംസ്ക്കാരികരംഗങ്ങളിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. അക്ഷരക്കൂട്ടും, പാം പുസ്തകപ്പുര, പ്രവാസി ബുക്ക് ട്രസ്റ്റ് തുടങ്ങിയ സാഹിത്യ കൂട്ടായ്മയുടെ നേതൃനിരയിലു​ണ്ടിദ്ദേഹം.

പയ്യന്നൂർ സൗഹൃദ വേദി, മാൽക്ക. ഷാർജ ഇന്ത്യൻ അസോസിയേഷൻ പബ്ലിക്കേഷൻ കമ്മറ്റി, ഹാർമണി തുടങ്ങിയ സാംസ്ക്കാരിക സംഗീത കൂട്ടായ്മയിലെയും സജീവ സാനിദ്ധ്യമാണ്. രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

ചിരന്തനയും, കൈരളി ബുക്സും പ്രസിദ്ധീകരിച്ച നോവലായ ”മരുപ്പച്ചകൾ എരിയുമ്പോൾ”, ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ലിഫ്റ്റിനടുത്തെ 13ാം നമ്പർ മുറി’ എന്നിവ. മെന്‍റസ ഓൺ ലൈൻ റേഡിയോ ചാനൽ ഇനീഷേറ്ററാണ് ഇദ്ദേഹം. ശനിയാഴ്ച്ച തോറും ‘സാഹിത്യ ദർപ്പണം’ എന്ന പരിപാടിയിലൂടെ മിഡിലിസ്റ്റിലെ ഇതുവരെ അറുപതോളം എഴുത്തുകാരെ ഇൻറർവ്യുചെയ്ത് കഴിഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!