വൈറൽ പനിപോലെ, കണ്ണിലെ വൈറസ് അണുബാധ; കരുതൽ വേണം

പാലക്കാട്: വൈറൽ പനിപോലെ, കണ്ണിലെ വൈറസ് അണുബാധ വ്യാപിക്കുന്നു. പകരാനുള്ള സാധ്യത കൂടുതലായതിനാൽ അതീവശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. വൈറൽ പനി ബാധിക്കുന്നവരിലും അല്ലാത്തവരിലും ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി കണ്ണിൽ അണുബാധ കണ്ടുവരുന്നുണ്ട്.
സാധാരണ നാലോ അഞ്ചോ ദിവസത്തിനകം അസുഖം ഭേദമാകും. അല്ലാത്തവർ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. കണ്ണിലെ വൈറസ് ബാധയാണ് രോഗകാരണം.
ലക്ഷണങ്ങൾ
ചെങ്കണ്ണ് പോലെയുള്ള അസുഖമായതിനാൽ ലക്ഷണങ്ങളും ഏകദേശം അതുപോലെയാണ്. കണ്ണിലെ ചുവപ്പ്, ചൊറിച്ചിൽ, അസ്വസ്ഥത, കണ്ണിൽനിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗം പകരുന്നതെങ്ങനെ
കണ്ണുനീരുവഴിയാണ് രോഗം പകരുന്നത്. അതിനാൽ ഒരാൾക്ക് രോഗം ബാധിച്ചാൽ ഇയാളുമായി സമ്പർക്കം കൂടുതലുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ഒരു കണ്ണിൽ മാത്രം അസുഖം വരുന്നവരുന്നവരുണ്ട്. ചിലരിൽ ഒരുകണ്ണിൽ അണുബാധയുണ്ടായാൽ അടുത്ത കണ്ണിലേക്കും പകരും. ഡോക്ടറുടെ നിർദേശപ്രകാരം അസുഖമുള്ള കണ്ണിൽ മാത്രം മരുന്നൊഴിച്ചാൽ മതി. കണ്ണിൽ അണുബാധയുണ്ടാകുന്നവർ കണ്ണട വെച്ചാൽ രോഗം പകരില്ലയെന്നത് തെറ്റിദ്ധാരണയാണ്. വായുവിൽക്കൂടി രോഗം പകരില്ല. രോഗമുള്ളവർക്ക് വെളിച്ചത്തിലേക്കും മറ്റും നോക്കാൻ പ്രയാസമുണ്ടെങ്കിൽ കണ്ണടയുടെ ഉപയോഗം ഗുണപ്രദമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കണ്ണിൽ സ്പർശിക്കുമെന്നതിനാൽ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ഇത് രോഗം പകരാതിരിക്കാൻ സഹായിക്കും. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, അസുഖബാധിതൻ ഉപയോഗിക്കുന്ന സോപ്പും തോർത്തും മറ്റാരും ഉപയോഗിക്കാതിരിക്കുക, കണ്ണിൽനിന്ന് വെള്ളം വരുമെന്നതിനാൽ കണ്ണ് തുടയ്ക്കുന്നതിന് വൃത്തിയുള്ള തുണി ഉപയോഗിക്കുക, ഇത് കഴുകി വൃത്തിയായി സൂക്ഷിക്കുക.
കാഴ്ചയെ ബാധിക്കുമോ
കണ്ണിന്റെ കൃഷ്‌ണമണിയിലേക്ക് അണുബാധ പടർന്നാൽ കാഴ്‌ചയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ അസുഖബാധിതർ ഡോക്ടറുടെ സഹായം തേടി മരുന്നുപയോഗിക്കാൻ ശ്രദ്ധിക്കുക.