ഓടി.. ഓടി… ഒരു വിവാഹ വാർഷികം

കണ്ണൂർ : ഇരുപത്തിനാലാം വിവാഹ വാർഷികദിനത്തിൽ 24 കിലോമീറ്റർ മാരത്തൺ ഓടി അമീറും സബാനയും. ‘ആരോഗ്യത്തിന് വേണ്ടി വ്യായാമം ശീലമാക്കൂ’ എന്ന സന്ദേശമുയർത്തിയാണ് പുനർജനി റണ്ണേഴ്സ് ക്ലബ് അംഗങ്ങളായ ഇരുവരും മാരത്തൺ സംഘടിപ്പിച്ചത്. പയ്യാമ്പലം ബീച്ചിൽ ആറ് കിലോമീറ്റർ നാല് ലാപ്പായാണ് ഓടിത്തീർത്തത്. ഇവർക്കൊപ്പം ക്ലബ് അംഗങ്ങളായ അമ്പതോളം പേരും മാരത്തണിൽ പങ്കുചേർന്നു.
പത്ത് വർഷമായി പുനർജനി റണ്ണേഴ്‌സ് ക്ലബ്ബിലെ അംഗങ്ങളാണ് മുഴപ്പിലങ്ങാട് ശുക്രിയ മഹലിലെ ഒ.കെ. അമീറും പി.വി. സബാനയും. യോഗയും വ്യായാമവും ജീവിതചര്യയാക്കിയ ഇരുവരും കേരളത്തിലും പുറത്തുമുള്ള മാരത്തണുകളിലെ സ്ഥിരം സാന്നിധ്യമാണ്.
വിവാഹവാർഷികത്തിൽ വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യാമെന്ന ചിന്തയിലാണ് മാരത്തണിൽ എത്തിയത്. പുനർജനി ക്ലബ് അംഗങ്ങളും പൂർണപിന്തുണ നൽകിയതോടെ ഞായർ രാവിലെ ആറിന് പയ്യാമ്പലത്ത് എല്ലാവരും ഒത്തുചേർന്നു. ബാലഗോപാൽ കാടാച്ചിറ ഫ്ലാഗ് ഓഫ് ചെയ്തു. സബാനക്കും അമീറിനുനൊപ്പം റണ്ണേഴ്സ് ക്ലബ്ബിന്റെ സംസ്ഥാന, ജില്ലാ ഭാരവാഹികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ പങ്കാളികളായി. വ്യത്യസ്തമായ വിവാഹ വാർഷികാഘോഷം കണ്ടുനിന്നവരിലും കൗതുകം ഉണർത്തി. ഫിസാൻ റോഷൻ, ഫെമി ഷബ്‌നം എന്നിവരാണ് മക്കൾ.