കണ്ണൂരിൽ ഹാൾമാർക്ക് സ്വർണത്തിൽ മായം ചേർത്ത് ജ്വല്ലറികളിൽ വിൽക്കുന്നു
കണ്ണൂർ : ഹാൾമാർക്ക് ചെയ്‌ത സ്വർണാഭരണങ്ങളിൽ മായംചേർത്ത് തൂക്കംകൂട്ടി ജ്വല്ലറികളിൽ വിൽക്കുന്ന തട്ടിപ്പ് സംഘങ്ങൾ രംഗത്ത്. ജ്വല്ലറികളിൽ ഇത്തരം സ്വർണം എത്തുന്നുവെന്ന വിവരം പുറത്തുവന്നതോടെ വലിയ വിലകൊടുത്തുവാങ്ങിയ ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഇത്തരം സ്വർണം വിൽക്കാനെത്തിയ മൂന്നുപേർ പിടിയിലായിരുന്നു. ഇതേരീതിയിൽ തട്ടിപ്പ് നടത്തുന്ന കൂടുതൽ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തൽ.
ബി.ഐ.എസ് ഹാൾമാർക്ക് ചെയ്‌ത അരപ്പവന്റെ ആഭരണമാണ് കഴിഞ്ഞദിവസം കണ്ണൂരിൽ വിൽക്കുന്നതിടെ പിടികൂടിയത്. ഹാൾമാർക്കുള്ള സ്വർണാഭരണം വാങ്ങിയശേഷം ഇരട്ടിയോളം ചെമ്പ്, ഈയം തുടങ്ങിയ ലോഹങ്ങൾ ചേർത്ത് തൂക്കം കൂട്ടുകയാണ് ചെയ്യുന്നത്. ഹാൾമാർക്ക് മുദ്ര അതേപടി നിലനിർത്തുന്നതിനാൽ പെട്ടെന്ന് മനസ്സിലാക്കാനും കഴിയില്ല. വള, നെക്‌ലേസ്, മാല തുടങ്ങിയ ആഭരണങ്ങളിൽ മൊട്ടുപോലുള്ളവ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ഈ മൊട്ടുകൾക്കുള്ളിലാണ് മായം ചേർക്കുന്നത്.
അരപ്പവന്റെ ആഭരണത്തിൽ മായംചേർത്ത് ഒരുപവനിലേറെയാക്കി മാറ്റും. വലിയ തൂക്കമുള്ളവ പെട്ടെന്ന് വിൽക്കാനാകില്ലെന്നതിനാലാണ് ചെറിയ അളവിലുള്ളവ ഉണ്ടാക്കുന്നത്. പ്രമുഖ ജ്വല്ലറികളുടെയും മറ്റും എംബ്ലമടങ്ങിയ ഹാൾമാർക്ക് ആണെന്നതിനാൽ ചെറുകിട ജ്വല്ലറിക്കാർ ഇത്തരക്കാരെ അവിശ്വസിക്കാറുമില്ല. പ്രമുഖ ജ്വല്ലറികളിലും തട്ടിപ്പുകാർ ഇത്തരം സ്വർണം വിൽക്കാറുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇങ്ങനെ വാങ്ങുന്ന സ്വർണത്തിന് ബിൽ നൽകാറുമില്ല.
കണ്ണൂരിൽ കഴിഞ്ഞ ദിവസം ഒരു ജ്വല്ലറി ഉടമയ്‌ക്ക് സംശയം തോന്നിയതോടെയാണ് തട്ടിപ്പുകാർ പിടിയിലായത്. ചില ജ്വല്ലറി ഉടമകൾ തട്ടിപ്പുകാരെ പൊലീസിനു കൈമാറുമെങ്കിലും മറ്റുചിലരാകട്ടെ, നഷ്ടപ്പെട്ട പണം തിരിച്ചുവാങ്ങി ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്. കൂടുതൽ അന്വേഷണം നടന്നാൽ നേരത്തെ വാങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്നുള്ള ഭയവും ഒത്തുതീർപ്പിന് പിന്നിലുണ്ട്. മായംചേർത്ത് തൂക്കംകൂട്ടിയ ആഭരണങ്ങൾ ബാങ്കുകളിലും മറ്റും പണയം വെച്ച് വായ്‌പയെടുത്തതായും പൊലീസ് പറഞ്ഞു.