ഓണാഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കണം

കണ്ണൂർ : വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ, യുവജന ക്ലബ്ബുകൾ, കുടുംബശ്രീകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ നടത്തുന്ന ഓണാഘോഷങ്ങളിൽ ഹരിത ചട്ടം നിർബന്ധമായും പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ അറിയിച്ചു.
ജില്ലയിൽ ഹരിത ചട്ടം പാലിക്കുന്നുണ്ടോ എന്നതിൽ പരിശോധന നടത്താൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രത്യക സ്‌ക്വാഡുകൾ രൂപീകരിക്കാനും നിർദ്ദേശിച്ചു. ഓണാഘോഷങ്ങളെ തുടർന്ന് ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ അതത് അവസരത്തിൽ തന്നെ സംസ്‌കരിക്കാൻ സംവിധാനം സംഘാടകർ തന്നെ ഉണ്ടാക്കണം. അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മ സേനയെ ഏൽപിക്കണം.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഓഫീസ് മേധാവികളുടേയും സർക്കാർ സ്വകാര്യ വ്യാപാരി വ്യവസായി, ക്ലബ്, വായനശാല മറ്റ് സംഘടനകളുടെയും യോഗം വിളിച്ച് ചേർത്ത് ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് ഓണാഘോഷം നടത്തുന്നതിനുള്ള നിർദേശം നൽകണം.
നിരോധിത ഉത്പന്നങ്ങൾ ഓണാഘോഷ പരിപാടികളിൽ ഉപയോഗിക്കാതിരിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റത്തവണ ഉപയോഗമുള്ള നിരോധിത വസ്തുക്കളും 500 മില്ലി ലിറ്ററിൽ താഴെയുള്ള കുപ്പികളിലെ കുടിവെള്ള വിതരണവും ആഘോഷങ്ങളിൽ നിന്ന് പൂർണമായും ഒഴിവാക്കണം.
അലങ്കാരത്തിന് പൂർണമായും പ്രകൃതി സൗഹാർദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. നിരോധിത ഫ്ലക്സ് ബോർഡുകൾ പൂർണമായും ഒഴിവാക്കണം. കാറ്ററിങ് സംഘടനകളുടെയും വ്യക്തികളുടെയും യോഗം തദ്ദേശ സ്ഥാപന തലത്തിൽ വിളിച്ച് ചേർക്കണം.
തെരുവ് കച്ചവടക്കാർ, പൂവ് വിൽപ്പനക്കാർ എന്നിവർ മാലിന്യ കൂനകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിഥി തൊഴിലാളികൾ കൂടുതലുള്ള ഇടങ്ങളിൽ ഹരിത പെരുമാറ്റ ചട്ടങ്ങളുടെ വിവരങ്ങൾ ഹിന്ദിയിൽ കൂടി എഴുതി പ്രദർശിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. വൃത്തിയും വെടിപ്പുമുള്ള ഓണാഘോഷത്തോട് ഒപ്പം ഹരിത പെരുമാറ്റ ചട്ടങ്ങളും കർശനമായി പാലിക്കണം. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന ജില്ലയിലെ എല്ലാ പൊതുജനങ്ങളോടും വിവിധ സാമൂഹിക, രാഷ്ട്രീയ-മത സംഘടനകളോടും അഭ്യർത്ഥിച്ചു.