ട്രെയിനില്‍ വനിതാ ടി.ടി.ഇ.യ്ക്ക് നേരേ യാത്രക്കാരന്റെ ആക്രമണം : പ്രതി പിടിയില്‍

Share our post

കോഴിക്കോട്: ട്രെയിനില്‍ വനിതാ ടി.ടി.ഇ.യ്ക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

പ്രതിയെ പിന്നീട് മറ്റുയാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരനോട് മാറിയിരിക്കാന്‍ പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്നാണ് ടി.ടി.ഇ പറയുന്നത്.

ട്രെയിന്‍ വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ എത്തിയപ്പോളാണ് 72 വയസ്സുള്ള യാത്രക്കാരനോട് കോച്ചില്‍നിന്ന് മാറിയിരിക്കണമെന്ന് ടി.ടി.ഇ. ആവശ്യപ്പെട്ടത്. എന്നാല്‍, യാത്രക്കാരന്‍ ഇതിന് കൂട്ടാക്കിയില്ല. വീണ്ടും മാറിയിരിക്കാന്‍ നിര്‍ബന്ധിച്ചതോടെ യാത്രക്കാരന്‍ ടി.ടി.ഇ.യുടെ മുഖത്തടിച്ചു.

തുടര്‍ന്ന് മറ്റുയാത്രക്കാര്‍ ഇയാളെ പിടിച്ചുമാറ്റിയെങ്കിലും ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും ടി.ടി.ഇ.യെ മര്‍ദിക്കുകയും ട്രെയിനില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തുവെന്ന് പറയുന്നു.മര്‍ദനത്തില്‍ ടി.ടി.ഇ.യുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്.

അടിയേറ്റതിന്റെ പാടുകളും മുഖത്ത് കാണാം. അടിയേറ്റ് തന്റെ കണ്ണട തെറിച്ചുപോയെന്നായിരുന്നു ടി.ടി.ഇ.യുടെ പ്രതികരണം. പ്രായമുള്ളയാളല്ലേ ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോളാണ് അയാള്‍ അടിച്ചത്. ട്രെയിന്‍ കൊയിലാണ്ടി എത്തിയപ്പോള്‍ അയാള്‍ വീണ്ടും മുഖത്തടിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് മറ്റൊരു കോച്ചില്‍ കയറിയ ഇയാളെ മറ്റുയാത്രക്കാര്‍ പിടികൂടിയെന്നും ടി.ടി.ഇ. പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!