‘ചിങ്ങപ്പൊലി’ക്ക്‌ വീർപ്പാട്ട്‌ വർണാഭ തുടക്കം

Share our post

ആറളം : ജനകീയ കൂട്ടായ്‌മയിൽ പീപ്പിൾസ്‌ മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്‌മെന്റ്‌ നടപ്പാക്കുന്ന ‘ചിങ്ങപ്പൊലി’ക്ക്‌ ആറളം പഞ്ചായത്തിലെ വീർപ്പാട്ട്‌ വർണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കം. ജില്ലയിലെ മുഴുവൻ വാർഡുകളിലും വായനശാലകളൊരുക്കുന്ന അഭിമാന പദ്ധതിയുടെ ഉദ്‌ഘാടനം വീർപ്പാട്‌ ഗാന്ധി സ്മാരക ഗ്രാമീണ വായനശാല പരിസരത്ത്‌ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി എഴുത്തുകാരിയും എംപിയുമായ തമിഴച്ചി തങ്കപാണ്ഡ്യൻ നിർവഹിച്ചു. കഥാകൃത്ത്‌ ടി. പത്മനാഭൻ ഓണസന്ദേശം നൽകി. 

പീപ്പിൾസ്‌ മിഷൻ ചെയർമാൻ ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷനായി. സെക്രട്ടറി ടി.കെ. ഗോവിന്ദൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ വിശിഷ്ടാതിഥിയായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ, ഇരിട്ടി നഗരസഭാ ചെയർമാൻ കെ. ശ്രീലത, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ടി. ബിന്ദു (മുഴക്കുന്ന്‌), പി. രജനി (പായം), കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത്ത്‌, ഷിജി നടുപ്പറമ്പിൽ, വി. ശോഭ, കെ.എൻ. പത്മാവതി, ഹമീദ്‌ കണിയാട്ടയിൽ, കെ.ജെ. ജെസ്സിമോൾ, പി. റോസ, എൻ.ടി. റോസമ്മ, കെ. ശ്രീധരൻ, കെ. മോഹനൻ, കെ.വി. സക്കീർഹുസൈൻ, ശങ്കർ സ്റ്റാലിൻ, രഞ്ചിത്ത്‌ കമൽ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ സ്വാഗതവും ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ്‌ നന്ദിയും പറഞ്ഞു. 

ടി. പത്മനാഭനെ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ, ആദിവാസി മൂപ്പൻ സുകുമാരൻ എന്നിവരും തമിഴച്ചി തങ്കപാണ്ഡ്യനെ ടി. പത്മനാഭനും ഷാളണിയിച്ച്‌ ആദരിച്ചു. വിശിഷ്ടാതിഥികൾ ചേർന്ന്‌ അക്ഷരദീപം തെളിച്ച്‌ ചിങ്ങപ്പൊലി വിളംബരം കുറിച്ചു. കലാരൂപങ്ങളും വാദ്യമേളങ്ങളും സാംസ്കാരിക ഘോഷയാത്രയ്‌ക്ക്‌ പൊലിമയേകി. നാടൻകലാ അക്കാദമിയൊരുക്കിയ കലാപരിപാടികളും അരങ്ങേറി. 

 ചിങ്ങം ഒന്നുമുതൽ 31 വരെ ലൈബ്രറികളും പൊതുഇടങ്ങളും സ്ഥാപിക്കാനും വിപുലീകരിക്കാനുമാണ്‌ ചിങ്ങപ്പൊലി ലക്ഷ്യമിടുന്നത്‌. 

ജനകീയ പുസ്തകശേഖരണം, വിഭവസമാഹരണം എന്നിവ നടക്കും. പുസ്തകപ്പയറ്റും ഉപകരണശേഖരണവും സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തിലും വിനോദ, വിജ്ഞാന, വികസന കേന്ദ്രം (വികേന്ദ്ര) സ്ഥാപിക്കാനും പീപ്പിൾസ്‌ മിഷൻ ലക്ഷ്യമിടുന്നു.

ആറളം പഞ്ചായത്തിൽ 17 വാർഡുകളിലായി 21 വായനശാലകളോടെ പഞ്ചായത്ത്‌ ഗ്രന്ഥശാല സ്വയംപര്യാപ്‌ത പ്രഖ്യാപനവും നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!